കൊറിയന്‍ അതിര്‍ത്തിയിലെ മഞ്ഞക്കടലില്‍ യു.എസ്.-ദക്ഷിണ കൊറിയ നാവികസേനകളുടെ നാലു ദിവസത്തെ സംയുക്ത നാവികാഭ്യാസം തുടങ്ങി

November 28, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

സോള്‍: കൊറിയന്‍ അതിര്‍ത്തിയിലെ മഞ്ഞക്കടലില്‍ യു.എസ്.-ദക്ഷിണ കൊറിയ നാവികസേനകളുടെ നാലു ദിവസത്തെ സംയുക്ത നാവികാഭ്യാസം തുടങ്ങി. ദക്ഷിണ കൊറിയയുടെ യാന്‍പ്യോങ് ദ്വീപിലേക്ക് ഉത്തര കൊറിയ പീരങ്കിയാക്രമണം നടത്തിയതിന് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന സൈനികാഭ്യാസം പ്രദേശത്തെ സംഘര്‍ഷാവസ്ഥയിലാക്കിയിട്ടുണ്ട്. മേഖലയിലെ പുതിയ സംഭവവികാസങ്ങളുമായി നാവികാഭ്യാസത്തിന് ബന്ധമില്ലെന്നും സംയുക്ത നാവികാഭ്യാസം നേരത്തേ നിശ്ചയിച്ചതാണെന്നുമാണ് ദക്ഷിണ കൊറിയയുടെ നിലപാട്.
അമേരിക്കയുടെ ആണവ പടക്കപ്പലായ ‘യു.എസ്.എസ്. വാഷിങ്ടണ്‍’ അടക്കം 10 കപ്പലുകളാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ആയിരക്കണക്കിനു സൈനികരും 75 പോര്‍വിമാനങ്ങളും ‘യു.എസ്.എസ്. വാഷിങ്ടണി’ലുണ്ട്.എന്നാല്‍ സംയുക്ത നാവികാഭ്യാസം ഉത്തരകൊറിയയെ ലക്ഷ്യംവെച്ചുള്ളതാണന്നും എത്രയും പെട്ടന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ പരണിതഫലം പ്രവചിക്കാനാവില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. പ്രകോപനമുണ്ടായാല്‍ ഇനിയും ആക്രമണം നടത്തുമെന്നാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ചൈനയും നാവികാഭ്യാസത്തില്‍ ആശങ്ക പ്രകടിപ്പിച്ചുട്ടുണ്ട്.
ചൊവ്വാഴ്ചത്തെ പീരങ്കിയാക്രമണത്തിന് ശേഷം വെള്ളിയാഴ്ച ഉത്തര കൊറിയന്‍ സൈന്യം പീരങ്കിയഭ്യാസങ്ങള്‍ നടത്തിയിരുന്നു. യോന്‍പ്യോങ് ദ്വീപില്‍ വെടിയൊച്ച കേള്‍ക്കാന്‍ പാകത്തിലാണ് ഉത്തരകൊറിയ വെള്ളിയാഴ്ച പീരങ്കി പ്രകടനങ്ങള്‍ നടത്തിയത്. പ്രകോപനമൊന്നും കൂടാതെ ദക്ഷിണകൊറിയയുടെ യോന്‍പ്യോങ് ദ്വീപിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ച ഉത്തര കൊറിയ നടത്തിയ പീരങ്കി ആക്രമണമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണം. ആക്രമണത്തില്‍ രണ്ടു ദക്ഷിണകൊറിയന്‍ സൈനികരും രണ്ട് ദ്വീപ് നിവാസികളും മരിക്കുകയും 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍