ഉത്തരാഖണ്ഡ് ദുരന്തം നല്‍കുന്ന പാഠം

June 26, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ഭാരതത്തിന്റെ ചരിത്രത്തിലെതന്നെ വന്‍ദുരന്തങ്ങളിലൊന്നാണ് ദേവഭൂമിയായ ഉത്തരാഖണ്ഡില്‍ ഉണ്ടായത്. രേഖപ്പെടുത്തിയ ചരിത്രത്തിലൊന്നും ഹിമാലയ ഭൂമിയില്‍ ഇതുപോലെ സര്‍വ്വനാശം വിതച്ച ഒരു ദുരന്തമുണ്ടായതായി കാണാന്‍ കഴിയില്ല.

ചതുര്‍ധാമങ്ങളായ യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരിനാഥ് എന്നീ പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥാടനം നടത്തുക എന്നത് ഏതൊരു ഭാരതീയന്റെയും ജന്മസാഫല്യമാണ്. ജീവിതത്തിലെ അപൂര്‍വ്വമായ വരദാനമാണ് ആ പുണ്യസങ്കേതങ്ങളിലെ ദര്‍ശനം. യമുനയുടെയും ഗംഗയുടെയും ഉത്ഭവസ്ഥാനമാണ് യമുനോത്രിയും ഗംഗോത്രിയും. നദികളെ ദേവതയായി ആരാധിക്കുന്ന പാരമ്പര്യം ഭാരതത്തിന്റെ പൈതൃകമാണ്. പ്രകൃതിയെ ജീവിതവുമായി സമന്വയിപ്പിച്ച ഒരു ദര്‍ശനം രൂപപ്പെട്ടത് ഭാരതത്തില്‍മാത്രമാണ്. ഭാരതത്തിലെ പ്രധാന ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് ഋഷികേശില്‍ ആരാധിക്കപ്പെടുന്നത്. അവിടെത്തന്നെയാണ് ശ്രീശങ്കരാചാര്യരുടെ മഹാസമാധിസ്ഥാനവും. ബദരിനാഥില്‍ ആരാധിക്കപ്പെടുന്നത് നാരായണനാണ്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോവര്‍ഷവും ചതുധാമങ്ങളിലേക്കുപോകുന്നത്. മേയ് അവസാനത്തോടെ ആരംഭിക്കുന്ന തീര്‍ത്ഥാടനം ഒക്ടോബര്‍ അവസനാത്തോടെ ഏതാണ്ട് അവസാനിക്കും. പിന്നീട് മഞ്ഞുകാലമാണ്. കേദാര്‍നാഥും ബദരിനാഥുമൊക്കെ മഞ്ഞുമൂടി സമാധിതുല്യമായ അവസ്ഥയിലാകും. തീര്‍ത്ഥാടനകാലയളവിലാണ് മഴക്കാലവും. സാധാരണ ജൂലൈ മദ്ധ്യത്തോടെയാണ് ഹിമാലയമേഖലകളില്‍ കാലവര്‍ഷം ആരംഭിക്കുന്നത്. അതിനുമുമ്പ് വലിയൊരു ശതമാനം തീര്‍ത്ഥാടകര്‍ ചതുര്‍ധാമതീര്‍ത്ഥയാത്ര പൂര്‍ത്തിയാക്കി കഴിയും. എന്നാല്‍ ഈ വര്‍ഷം നിനച്ചിരിക്കാതെ ജൂണ്‍ പതിനാറിന് രാത്രി ഉണ്ടായ മേഘസ്‌ഫോടനമാണ് ‘ഹിമാലയന്‍ സുനാമി’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ദുരന്തത്തിനു കാരണമായത്. കേദാര്‍നാഥിന് മുകളില്‍ ഏതാനും കിലോമീറ്റര്‍ അകലെ രണ്ടു മലയിടുക്കുകളുടെ ജലസ്രോതസ്സില്‍നിന്നുണ്ടായ ഉരുള്‍പൊട്ടല്‍കൂടിയായപ്പോള്‍ ചതുര്‍ധാമ തീര്‍ത്ഥാടന വഴികളുള്‍പ്പെട്ട പ്രദേശംമുഴുവന്‍ തകര്‍ന്ന് തരിപ്പണമാകുകയും ആയിരങ്ങളുടെ ജീവനെടുക്കുകയും ചെയ്തു.

മരണസംഖ്യ ഔദ്യോഗികമായി ആയിരത്തില്‍ താഴെമാത്രമാണ്. എന്നാല്‍ ഇത് പതിനായിരമെങ്കിലും ആയി ഉയരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെയും എത്തിച്ചേരാന്‍ കഴിയാത്ത മലമടക്കുകളിലെ ഗ്രാമങ്ങളിലെ സ്ഥിതി എന്താണെന്ന് ഇപ്പോഴും അറിയില്ല. പല ഗ്രാമങ്ങളും ഒരാള്‍പോലും അവശേഷിക്കാതെ ഒലിച്ചുപോയതാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ മരണസംഖ്യയെക്കുറിച്ച് ശരിയായ കണക്കുകള്‍ ഒരുപക്ഷേ ഒരിക്കലും ലഭിച്ചെന്നുവരില്ല.

ഹിമാലയത്തിലെ കാലാവസ്ഥ പ്രവചനാതീതമാണ്. മേഘവിസ്‌ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ മഴയുണ്ടാകുമെന്ന് ദുരന്തത്തിന് രണ്ടുദിവസംമുമ്പ് തന്നെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉത്തരാഖണ്ഡ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഒരുപക്ഷേ ഇത് മുഖവിലയ്‌ക്കെടുത്ത് ജാഗ്രതപുലര്‍ത്തിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിയുമായിരുന്നു.

ഹിമാലയപര്‍വ്വതനിരകള്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പര്‍വ്വതങ്ങളിലൊന്നാണ്. അവിടത്തെ മണ്ണ് ഉറപ്പില്ലാത്തതിനാലാണ് എപ്പോഴും മലയിടിച്ചില്‍ സംഭവിക്കുന്നത്. ഈ പ്രദേശങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊന്നും പാടില്ല എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ അവഗണിച്ചുകൊണ്ടാണ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയത്. ഇപ്പോഴത്തെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത് അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍കൂടിയാണ്.

പ്രകൃതിയില്‍നിന്നകലുന്ന മനുഷ്യനുള്ള മുന്നറിയിപ്പാണ് ഉത്തരാഖണ്ഡ് ദുരന്തം. പര്‍വ്വതങ്ങളും കാടും നദിയും പക്ഷിമൃഗാദികളുമൊക്കെ പ്രകൃതിയുടെ അവിഭാജ്യഘടകമാണെന്നും മനുഷ്യജീവിതം ഭൂമിയില്‍ നിലനിര്‍ത്താന്‍ ഇതൊക്കെ അനിവാര്യമാണെന്നും ഭാരതത്തിലെ ഋഷീശ്വരന്മാര്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പുതന്നെ കണ്ടെത്തുകയും അത്തരം ഒരു ജീവിതദര്‍ശനം കരുപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ചതുധാമിലേക്കും പഞ്ചകേദാരങ്ങളിലേക്കും കൈലാസത്തിലേക്കുമൊക്കെ തീര്‍ത്ഥാടകര്‍ പോകുകയാണ്. എന്നാല്‍ ഇതുപോലൊരു ദുരന്തം ആദ്യമാണ്. ഹിമാലയ യാത്രകള്‍ വിശുദ്ധമായ തീര്‍ത്ഥാടനമാണ്. അത് വിനോദസഞ്ചാരമല്ല. ഇപ്പോള്‍ പോകുന്നവരില്‍ കുറേയെങ്കിലും തീര്‍ത്ഥാടനലക്ഷ്യത്തോടെയല്ല ഈ യാത്രയെ  കാണുന്നത്. ഒരുപക്ഷേ ഇതൊക്കെയാകാം ഇതുപോലൊരു ദുരന്തത്തിന് ഹേതുവായത്.

ഹിമാലയവും ഗംഗയുമില്ലാത്ത ഭാരതം ആത്മാവില്ലാത്ത രാഷ്ട്രമാണ്. ഭാരതത്തിന്റെ സംസ്‌കൃതിയുടെ മുലപ്പാല്‍ കിനിഞ്ഞത് ഋഷീശ്വരന്മാര്‍ തപസ്സിരുന്ന ആ ദേവഭൂമിയില്‍നിന്നാണ്. അതു നിലനിര്‍ത്താനുള്ള ശ്രമമാണ് ഇനി വേണ്ടത്. പ്രകൃതിയെ വെല്ലുവിളിച്ചാല്‍ അത് പകരംവീട്ടും എന്ന തിരിച്ചറിവും നമുക്കുണ്ടാവണം. അതാണ് ഉത്തരാഖണ്ഡ് നല്‍കുന്ന പാഠം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍