മുന്‍മന്ത്രി കെ. നാരായണക്കുറുപ്പ് അന്തരിച്ചു

June 27, 2013 കേരളം

k-narayanan-kurupകറുകച്ചാല്‍: കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവും മുന്‍മന്ത്രിയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ പ്രഫ. കെ. നാരായണക്കുറുപ്പ് (86) അന്തരിച്ചു. പനിബാധിതനായി മാങ്ങാനം (പുതുപ്പള്ളി) മന്ദിരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാരായണക്കുറുപ്പിന്റെ ദേഹവിയോഗം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു. സംസ്കാരം ഇന്നുച്ചകഴിഞ്ഞു രണ്ടിനു കറുകച്ചാ ല്‍ ചമ്പക്കര ചെറുമാക്കല്‍ വീട്ടുവളപ്പില്‍ സംസ്ഥാന ബഹുമതികളോടെ നടക്കും. ഇന്നു രാവിലെ 10 മുതല്‍ 11 വരെ കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

തിരു-കൊച്ചി നിയമസഭയില്‍ തുടങ്ങി കേരള നിയമസഭയില്‍ കാല്‍നൂറ്റാണ്ടിലധികം തികച്ച രാഷ്ട്രീയ നേതാവായിരുന്നു നാരായണക്കുറുപ്പ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങി കേരള കോണ്‍ഗ്രസിന്റെ സ്ഥാപനം മുതല്‍ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായി പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി, ഡെപ്യൂട്ടി ലീഡര്‍, നിയമസഭാ കക്ഷി ഉപനേതാവ് തുടങ്ങിയ പ ദവികള്‍ വഹിച്ചു. ചമ്പക്കരയിലെ നടമേല്‍ കുടുംബത്തില്‍ 1927 ഒക്ടോബര്‍ 23നു ജനിച്ചു. ജന്മിയും പൊതുകാര്യപ്രസക്തനുമായിരുന്ന പരേതനായ കൊട്ടാരത്തില്‍ കെ.പി. കൃഷ്ണന്‍നായരാണു പിതാവ്. അമ്മ കുട്ടിയമ്മ. ചമ്പക്കര തൊമ്മച്ചേരി ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍, തോട്ടയ്ക്കാട് ഗവണ്‍മെന്റ് സ്കൂള്‍, കറുകച്ചാല്‍ എന്‍എസ്എസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠനത്തിനുശേഷം ചങ്ങനാശേരി എസ്ബി കോളജില്‍നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ പാസായി. പ്രഫ. ജോസഫ് മുണ്ടശേരിയുടെ ശിഷ്യനാണ്. പൂന യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി 1954ല്‍ ചങ്ങനാശേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചെങ്കിലും ഏറെക്കാലം തുടര്‍ന്നില്ല.

1953ല്‍ ഇടതുപക്ഷ സ്വതന്ത്രനായി കറുകച്ചാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1963ലും വിജയം ആവര്‍ത്തിച്ചു. 1954ല്‍ തിരു-കൊച്ചി നിയമസഭയിലേക്കു പിഎസ്പി ടിക്കറ്റില്‍ വിജയം നേടി. 1957ല്‍ നാരായണക്കുറുപ്പ് പുതുപ്പള്ളിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 1957ല്‍ പെരുന്ന എന്‍എസ്എസ് കോളജില്‍ അധ്യാപകനായി. തുടര്‍ന്ന് ഒറ്റപ്പാലം, നിലമേല്‍ എന്‍എസ്എസ് കോളജുകളില്‍ പ്രഫസറായി സേവനമനുഷ്ഠിച്ചു. വാഴൂര്‍ മണ്ഡലത്തില്‍നിന്നു വിജയിച്ച മന്ത്രിയായ വേലപ്പന്‍ അന്തരിച്ചപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാരായണക്കുറുപ്പ് വിജയിച്ചു. പിന്നീട് 1967ല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി കടയനിക്കാട് പുരുഷോത്തമനോടു പരാജയപ്പെട്ട ഇദ്ദേഹം 1970, 77, 91, 96 വര്‍ഷങ്ങളിലെ തെരഞ്ഞടുപ്പുകളില്‍ വാഴൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍നായര്‍ എന്നിവരുടെ മന്ത്രിസഭകളില്‍ ഗതാഗതം, എക്സൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയായി. 1991ല്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി. 18 വര്‍ഷം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ചമ്പക്കര ചെറുമാക്കല്‍ ലീലാദേവിയാണു ഭാര്യ. മക്കള്‍: കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍. ജയരാജ്, എന്‍. ജയപ്രകാശ് (കറുകച്ചാല്‍ പഞ്ചായത്തംഗം), എന്‍. ജയമോഹന്‍ (തടിയൂര്‍ എന്‍എസ്എസ് സ്കൂള്‍ അധ്യാപകന്‍), എന്‍. ജയകൃഷ്ണന്‍ (ഭാഷാപോഷിണി, തിരുവനന്തപുരം), ജയശ്രീ, ജയമോഹിനി, അമ്പിളി. മരുമക്കള്‍: ഗീത (കൊരണ്ടപ്പള്ളില്‍, കൊട്ടാരക്കര), ഡോ. കൃഷ്ണകുമാര്‍ (കളംകണ്ടതില്‍, കായംകുളം), ഡോ. മോഹന്‍ കുമാര്‍ (തെക്കോത്തോട്ടന്‍, പുതുപ്പള്ളി, മന്ദിരം), മീര (മറുകപ്പള്ളില്‍, ആനിക്കാട്), സിന്ധു (പുത്തന്‍പുരയ്ക്കല്‍), വേണുഗോപാല്‍ (ചന്ദ്രഭവന്‍, കോയിപ്പുറം), ഹരിപ്രിയ (നിര്‍വൃതി, തിരുവനന്തപുരം).

നാരായണക്കുറുപ്പിന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെ.എം. മാണി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അനുശോചനം പ്രകടിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം