മണിപ്പാല്‍ കൂട്ടബലാല്‍സംഗം; പ്രതികള്‍ പിടിയില്‍

June 27, 2013 പ്രധാന വാര്‍ത്തകള്‍

മംഗലാപുരം: മണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ് ചെയ്തു. മംഗലാപുരം ഇരിയടുക്ക സ്വദേശികളായ യോഗിഷ്, ഹരീഷ് എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്. സംഘത്തിലെ മൂന്നാമന്‍ ആനന്ദിന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നു. ഇവര്‍ അറസ്റിലായത് സംബന്ധിച്ച ഒരു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ സംഘം ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റഡിയിലെടുത്തുവെന്നാണ് സൂചന. സംഭവം നടന്ന് ഏഴ് ദിവസത്തിന് ശേഷമാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. 200 ഓളം പോലീസുകാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്നു. 800 ഓളം ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം സംഘത്തിലുണ്ടായിരുന്ന ഒരാളുടെ രേഖാചിത്രം പോലീസ് തയാറാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെയും രേഖാചിത്രത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സംഭവത്തില്‍ പ്രതികളെ അറസ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മണിപ്പാല്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രകടനവുമായി തെരുവിലിറങ്ങി റോഡ് ഉപരോധിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍