കേദാര്‍നാഥില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂജകള്‍ ആരംഭിക്കും

June 28, 2013 ദേശീയം

ന്യൂഡല്‍ഹി:  കേദാര്‍നാഥ് ക്ഷേത്രത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ദൈനംദിന പൂജകള്‍ പുനഃരാരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ക്ഷേത്രഭരണസമിതി സംഘത്തിന്റെ തലവനായ അനില്‍ ശര്‍മ  അറിയിച്ചു. ശുചീകരണ  പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ കൂടുതല്‍ വേഗത്തിലാക്കും. ക്ഷേത്രപരിസരത്തുനിന്നു മൃതദേഹങ്ങളും മറ്റു മാലിന്യങ്ങളും ഉടന്‍തന്നെ നീക്കംചെയ്യും. ഇതിനുശേഷം ക്ഷേത്രത്തില്‍ ശുദ്ധീകരണചടങ്ങുകള്‍ നടത്തി പൂജകള്‍ ആരംഭിക്കാനാണ് തീരുമാനം.

പ്രളയത്തെത്തുടര്‍ന്ന് ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ ഒന്നരയടിയോളം താഴ്ന്നുവെങ്കിലും കേടുപാടുകളും സംഭവിച്ചിട്ടില്ല. മറ്റു വിഗ്രഹങ്ങളും സുരക്ഷിതമാണ്. മൃതദേഹങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യാനായി പത്തംഗ ക്ഷേത്രഭരണസമിതി ഇന്നു കേദാര്‍നാഥിലെത്തും. നിരവധി ജീവനക്കാരെ പ്രളയത്തിനുശേഷം കാണാതായിട്ടുണ്ട്. അതിനാല്‍ ദൈനംദിനകാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പുതിയ ആളുകളെ കണ്ടെത്തണം. ക്ഷേത്രപരിസരം പൂര്‍ണമായും ശുചിയാക്കിയശേഷം ശങ്കരാചാര്യരുടേയും ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ഭീംശങ്കര്‍ ലിംഗ ശിവാചാര്യയുടേയും നിര്‍ദേശപ്രകാരം ശുദ്ധീകരണചടങ്ങുകള്‍ നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം