ടെന്നി ജോപ്പന്‍ അറസ്റില്‍

June 29, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

joppanചെങ്ങന്നൂര്‍: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്‍ (37) അറസ്റില്‍ . ഇന്നലെ വൈകുന്നേരം അഞ്ചോടെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി ഇന്നലെ രാവിലെ പതിനൊന്നോടെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തിയ ജോപ്പനെ അഞ്ചുമണിക്കൂര്‍ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ് രേഖപ്പെടുത്തിയത്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ് നടത്തിയതെന്ന് എഡിജിപി ഹേമചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. അറസ്റിലായ ടെന്നി ജോപ്പനെ ഇന്നു പത്തനംതിട്ട ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘത്തിനു നേതൃത്വം നല്കുന്ന ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍ നായര്‍ പറഞ്ഞു.

കോന്നി മല്ലേലില്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ കോന്നി മല്ലേലില്‍ ശ്രീധരന്‍നായര്‍ കോന്നി പോലീസ് സ്റേഷനില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്. പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ളാന്റ് സ്ഥാപിക്കാനായി 2012 മേയ് മാസത്തില്‍ 40 ലക്ഷം രൂപ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്നു ശ്രീധരന്‍ നായരില്‍നിന്നു വാങ്ങിയിരുന്നു. കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ സരിത എസ്. നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശ്രീധരന്‍ നായരെ കൊണ്ടുപോയി ടെന്നി ജോപ്പനെ കണ്ടു സംസാരിച്ചിരുന്നു. ജോപ്പനുമായുള്ള ഇടപെടലുകള്‍ക്ക് ഒടുവിലാണ് 40 ലക്ഷം രൂപ മൂന്നു ബാങ്ക് ചെക്കുകളായി സരിതയ്ക്കു നല്കിയത്. പണം നല്കിയതിനുശേഷം പ്ളാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ടു യാതൊരു നീക്കവും ഉണ്ടായില്ല. ഇതേത്തുടര്‍ന്നു കോന്നി പോലീസില്‍ പരാതി നല്കി. പരാതിക്കാരനായ ശ്രീധരന്‍ നായരെ എഡിജിപി ഇന്നലെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പോലീസ് കസ്റഡിയില്‍ വാങ്ങിയ സരിതയെയും ബിജുവിനെയും വെണ്‍മണി പോലീസ് സ്റേഷനില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍ നായര്‍, കോട്ടയം ഡിവൈഎസ്പി അജിത് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തിരുന്നു.

സരിത കോഴഞ്ചേരിയിലെ ഹൌസിംഗ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ അസിസ്റന്റ് മാനേജരായി ജോലി നോക്കുമ്പോള്‍ 3.80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കേസുണ്ട്. കൂടാതെ ആറന്മുള കോട്ടയ്ക്കകത്തു ള്ള വിദേശമലയാളിയില്‍നിന്നു 1.19 കോടി രൂപ തട്ടിയെടുത്ത കേസും നിലനില്‍ക്കുന്നു. ഈ രണ്ടു കേസിലും കൂടുതല്‍ തെളിവെടുപ്പു നടത്തുന്നതിനായി സരിതയെ ചോദ്യംചെയ്യലിനുശേഷം നാളെ കോഴഞ്ചേരിയിലേക്കു കൊണ്ടുപോ കും. കോഴഞ്ചേരിയിലെ സ്ഥാപനത്തില്‍നിന്നു പണം തട്ടിപ്പു നടത്തിയത് ആറന്മുള പോലീസില്‍ കേസായതോടെ 2001ല്‍ സരിത അമ്മ ഇന്ദിരയ്ക്കൊപ്പം തിരുവനന്തപുരത്തേക്കു മുങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യലില്‍ സരിത കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതായി അറിയുന്നു. ഇരുപതോളം പ്രധാന കേസുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളാണു വിശദമായും ചോദിച്ചറിഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം