ബ്രഹ്മപുരം മാലിന്യ പ്ളാന്റിന്റെ നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നു ലോകായുക്ത

June 29, 2013 കേരളം

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ നിര്‍മാര്‍ജന പ്ളാന്റിന്റെ നിര്‍മാണത്തിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തും അഴിമതിയും പ്ളാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ടു നടന്നുവെന്നും ഇക്കാരണത്താല്‍തന്നെ പദ്ധതി വന്‍ പരാജയമായെന്നും ലോകായുക്ത നിരീക്ഷിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകളും തെളിവുകളും അന്വേഷണ ഏജന്‍സിയായ വിജിലന്‍സിന്റെ അഴിമതി നിരോധന വിഭാഗത്തിനു കൈമാറുമെന്നും ഉത്തരവില്‍ പറയുന്നു.

നഗരത്തില്‍ മാലിന്യം കുന്നുകൂടിയതിനെ തുടര്‍ന്നാണു കൊച്ചി നഗരസഭ ബ്രഹ്മപുരത്ത് 2008ല്‍ കോടികള്‍ ചെലവഴിച്ചു ഖരമാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിച്ചത്. ആന്ധ്രാപ്രദേശ് ടെക്നോളജി ഡെവലപ്മെന്റ് കോര്‍പറേഷനാണ് പ്ളാന്റിന്റെ നിര്‍മാണ ചുമതല നഗരസഭ നല്‍കിയിരുന്നത്.

ഇതിനായി ബ്രഹ്മപുരത്ത് 110 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് 128 കോടി രൂപ മുതല്‍മുടക്കിയാണ് പ്ളാന്റ് നിര്‍മിച്ചത്. ദിനംപ്രതി 250 ടണ്‍ നഗരമാലിന്യം സംസ്കരിക്കാമെന്നു കണക്കുകൂട്ടിയെങ്കിലും നിര്‍മാണത്തിലെ അപാകതയും ക്രമക്കേടുംമൂലം ഉദ്ദേശിച്ച ഫലം കണ്ടില്ല. 2008 ല്‍ ആരംഭിച്ച പ്ളാന്റിന്റെ പ്രവര്‍ത്തനം 2011 ഓടെ പ്രവര്‍ത്തനക്ഷമമല്ലാതാകുകയും മാലിന്യംകൊണ്ട് നഗര വാസികള്‍ പൊറുതിമുട്ടുകയും ചെയ്തു. തുടര്‍ന്നു പച്ചാളം സ്വദേശിയും അഭിഭാഷകനുമായ എം.എല്‍. ജോര്‍ജ് പ്ളാന്റ് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ചു. കൊച്ചി നഗരസഭാ സെക്രട്ടറി, നഗരസഭയുടെ ഹെല്‍ത്ത് ഓഫീസര്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ജസ്റീസ് എം.എം. പരീതുപിള്ളയും ജസ്റീസ് ശശിധരനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം