കടലാക്രമണം: വീട് തകര്‍ന്നവര്‍ക്ക് ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം

June 29, 2013 കേരളം

തിരുവനന്തപുരം: കടലാക്രമണത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് ഒരു ലക്ഷം വീതവും ഭാഗികമായി തകര്‍ന്നവര്‍ക്ക് 35,000 രൂപ വീതവും ഒരാഴ്ചയ്ക്കകം നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.  വലിയതുറ യു.പി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്ത ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  വലിയതുറ യു.പി. സ്‌കൂളിലെ ക്യാമ്പിലുളള 166 കുടുംബങ്ങള്‍ക്കും, ഫിഷറീസ് സ്‌കൂളിലെ 65 കുടുംബങ്ങള്‍ക്കും രണ്ടായിരം രൂപ വീതം ധനസഹായം മന്ത്രി വിതരണം ചെയ്തു.  സ്ഥിരം ഡിസാസ്റ്റര്‍ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിനുളള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു.  ക്യാമ്പില്‍ അടിയന്തിരമായി റേഷനരി നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യുമന്ത്രിയുമായി ചര്‍ച്ച നടത്തും.  കടല്‍ഭിത്തി നിര്‍മ്മാണത്തിന് നടപടികളാരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.  ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം