വിഴിഞ്ഞം: ഹിയറിംഗ് മാറ്റിവയ്ക്കണമെന്ന ഹര്‍ജി തള്ളി

June 29, 2013 കേരളം

കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നു നടത്തുന്ന ഹിയറിംഗിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഒരുകൂട്ടം പ്രദേശവാസികള്‍ നല്കിയ ഹര്‍ജിയിലാണു ജസ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്റെ ഉത്തരവ്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്നു വിഴിഞ്ഞത്തു നടത്തുന്ന ഹിയറിംഗില്‍ ഇടപെടാനിവില്ലെന്നു കോടതി വ്യക്തമാക്കി.

പൊതുതാല്‍പര്യമല്ല, പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ഹര്‍ജി വിലയിരുത്തേണ്ടതെന്നു കോടതി പറഞ്ഞു. കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കുന്നതിനു ഹര്‍ജിക്കാര്‍ക്കു യാതൊരു തടസവും ഏര്‍പ്പെടുത്തിയിട്ടില്ല. ഹിയറിംഗില്‍ ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംബന്ധിച്ചു മനസിലാക്കാന്‍ കഴിയില്ലെന്നു ഹര്‍ജിക്കാര്‍ പറയുന്നില്ല. റിപ്പോര്‍ട്ട് പ്രാദേശിക ഭാഷയില്‍ ആയിരിക്കണമെന്നു ചട്ടപ്രകാരമുള്ള നിബന്ധന ഇല്ലെന്നു വ്യക്തമാണ്. ഭാഷാ പരിജ്ഞാനമില്ലെന്നു ഹര്‍ജിക്കാര്‍ പറയുന്നില്ല. ഹര്‍ജിക്കാരെ ദോഷകരമായി ബാധിക്കുന്ന തരത്തിലോ മൌലിക അവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലോ യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതര്‍ നടത്താത്ത സാഹചര്യത്തില്‍ കോടതിക്ക് ഇടപെടാനിവില്ലെന്ന് ഉത്തരവില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം