സോളാര്‍ തട്ടിപ്പ്: കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

June 30, 2013 പ്രധാന വാര്‍ത്തകള്‍

ആലുവ: സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷണത്തില്‍ ഒരു വിധത്തിലും ഇടപെടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ആരെയും സംരക്ഷിക്കില്ല. അതേസമയം കുറ്റം ചെയ്യാത്തവരെ ബലിയാടാക്കില്ല. അന്വേഷണം നീതിപൂര്‍വമായിരിക്കും. സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍ പഴ്സണല്‍ സ്റാഫംഗം ടെന്നി ജോപ്പന്റെ അറസ്റിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ട ഉടന്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ എഡിജിപി സെന്‍കുമാറിനെ ചുമതലപ്പെടുത്തി. അന്നു തന്നെ സെന്‍കുമാര്‍ ഇടക്കാല റിപ്പോര്‍ട്ടും തന്നു. റിപ്പോര്‍ട്ടില്‍ രണ്ടു പേരെകുറിച്ചു പരാമര്‍ശമുണ്ടായിരുന്നു. അവര്‍ക്കെതിരേയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ലൈംഗികപീഡനക്കേസില്‍ പ്രതിയായ മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇടതുമുന്നണിയുമാണ്. ധാര്‍മികത ആരിലും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ മാര്‍ക്സിസ്റ് പാര്‍ട്ടി നേരത്തെ കൈക്കൊണ്ടിരുന്ന സമീപനം എന്തായിരുന്നുവെന്ന് അവര്‍ ചിന്തിക്കണം. തെറ്റയിലിന്റെ സംഭവത്തില്‍ കേസന്വേഷണത്തില്‍ വീഴ്ചയുണ്ടാകില്ല. എന്നാല്‍, അറസ്റിനായി ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആലുവയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി. മുപ്പതോളം പ്രവര്‍ത്തകരാണു മുഖ്യമന്ത്രി താമസിച്ച ആലുവ ഗവണ്‍മെന്റ് ഗസ്റ് ഹൌസിനുമുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധത്തിനെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍