ഈജിപ്തില്‍ മുഹമ്മദ് മുര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

July 1, 2013 രാഷ്ട്രാന്തരീയം

കെയ്റോ: ഈജിപ്തില്‍ മുഹമ്മദ് മുര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തഹ്രീര്‍ ചത്വരത്തിലും സമീപനഗരങ്ങളിലും പ്രക്ഷോഭം നിയന്ത്രണാതീതമാകുന്നതായാണ് റിപ്പോര്‍ട്ട്. തഹ്രീന്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരങ്ങളാണ് ഒത്തുക്കൂടിയത്. കെയ്‌റോയില്‍ മുസ്ലീം ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ ആസ്ഥാനത്തിന് നേരെ കല്ലേറും പെട്രോള്‍ ബോംബേറും ഉണ്ടായി. മുഹമ്മദ് മുര്‍സി രാജി വയ്ക്കുന്നതുവരെ തെരുവുകളില്‍ തുടരാനാണ് പ്രക്ഷോഭകാരികള്‍ക്ക് നേതാക്കള്‍ നല്‍കിയിരിക്കുന്ന ആഹ്വാനം.

അധികാരത്തിലേറി ഒരു വര്‍ഷമായിട്ടും സാമ്പത്തിക സാമൂഹിക സുരക്ഷാ മേഖലകളില്‍ രാജ്യത്തെ സുസ്ഥിരമാക്കുന്നതില്‍ മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് പ്രക്ഷോഭങ്ങള്‍. തെരുവുകളില്‍ പ്രതിഷേധ പരിപാടികളില്‍ കൂടുതല്‍പേര്‍ എത്തുന്നത് പ്രക്ഷോഭം ജനകീയമാവുന്നതിന്റെ സൂചനയായി പ്രതിപക്ഷം വിലയിരുത്തുന്നു. അതേ സമയം,പ്രതിഷേധങ്ങള്‍ക്ക് ഒരു പൊതുനേതൃത്വത്തിന്റെ അഭാവം ന്യൂനതയായി കണക്കാക്കപ്പെടുന്നു.

ഇതേസമയം ജനാധിപത്യ സംവിധാനത്തെ ബഹുമാനിക്കണമെന്ന് പ്രസിഡണ്ടിന്റെ വക്താവ് പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. പ്രക്ഷോഭം വര്‍ധിക്കുകയാണെങ്കില്‍ നേരിടാന്‍ സൈന്യത്തെ ഇറക്കുമെന്ന മുന്നറിയിപ്പും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച്ച രാജ്യത്തെ വിവിധ ഇടങ്ങളിലായി നടന്ന പ്രക്ഷോഭങ്ങളില്‍ 253 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യ അധികൃതര്‍ പറഞ്ഞു. ഇതിനിടെ മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകള്‍ കെയ്‌റോയിലുള്ള നാസര്‍ നഗരത്തില്‍ പ്രകടനം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം