ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്ക് ഇനി സുഖചികിത്സാ കാലം

July 2, 2013 ക്ഷേത്രവിശേഷങ്ങള്‍

guruvayur ana-sliderഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം വക ആനകള്‍ക്ക് സുഖചികിത്സാകാലം ആരംഭിച്ചു. കുളിയും പോഷകാഹാരവും പ്രത്യേക പരിചരണവുമായി ദേവസ്വത്തിന്‍റെ ആനകള്‍ക്ക് വിശ്രമകാലം. ദേവസ്വത്തിലെ 60 ആനകള്‍ക്കാണ് സുഖചികിത്സ. ചികിത്സ 31-ന് സമാപിക്കും. ആനക്കോട്ടയുടെ വടക്കേമുറ്റത്ത് നീരിലല്ലാത്ത 42 ആനകളെ അണിനിരത്തും. മരുന്നുകള്‍ ഉപയോഗിച്ച് പ്രത്യേകം തയാറാക്കിയ ചോറുരുള ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. ജ്യോതീന്ദ്രനാഥ് ജൂനിയര്‍ വിഷ്ണുവിന് ആദ്യം നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ദേവസ്വം ഭരണസമിതിയംഗം എന്‍. രാജു തുടങ്ങിയവരും ആനകള്‍ക്ക് മരുന്നുരുള നല്‍കി. 6,80,000 രൂപയാണ് ദേവസ്വം സുഖചികിത്സയ്ക്കായി വകയിരുത്തിയിട്ടുള്ളത്. 5400 കിലോ അരി, 1200 കിലോ ചെറുപയര്‍, 600 കിലോ മുതിര, 360 കിലോ ച്യവനപ്രാശം, 180 കിലോ അഷ്ടചൂര്‍ണം, വിറ്റാമിന്‍ ഗുളികകള്‍, ടോണിക്കുകള്‍ എന്നിവ ചേര്‍ത്ത് തയാറാക്കുന്ന ഭക്ഷണമാണ് ആനകള്‍ക്ക് നല്‍കുന്നത്. സുഖചികിത്സ കഴിയുന്നതോടെ ആനകളുടെ തൂക്കവും രോഗപ്രതിരോധ ശേഷിയും വര്‍ധിക്കും. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍, ഡോ. ഈസ, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എ.കെ. ഉണ്ണികൃഷ്ണന്‍, ആന ചികിത്സാ വിദഗ്ധരായ കെ.സി. പണിക്കര്‍, കെ.എന്‍. മുരളീധരന്‍ നായര്‍, ടി.സി.ബി. നമ്പ്യാര്‍, കെ. വിവേക്, ടി.എസ്. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. സുഖചികിത്സ കാണുന്നതിന് ആനപ്രേമികളടക്കം ഒട്ടേറെ പേരാണ് വരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍