സി.എച്ച്.സി.കളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കും: ആരോഗ്യ മന്ത്രി

July 2, 2013 കേരളം

തിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്ത് തലത്തിലുളള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ നാല് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. പകര്‍ച്ചപ്പനിയുള്‍പ്പെടെയുളള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഷികപദ്ധതി തയ്യാറാക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയ്ക്ക് മുന്‍ഗണന നല്‍കണം. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ക്ക് 25,000 രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഫലപ്രദമായി വിനിയോഗിക്കാത്ത പഞ്ചായത്തുകളുടെ പേരുകള്‍ പ്രസിദ്ധീകരണത്തിന് നല്‍കും. ആരോഗ്യകേരളം അവാര്‍ഡിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പരിഗണിക്കുമ്പോള്‍ അവര്‍ നടപ്പാക്കിയ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രതേ്യക മാനദണ്ഡമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ഗ്രാമ/ബ്ലോക്ക് പ്രസിഡന്റുമാരും ആരോഗ്യ സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും പങ്കെടുത്ത യോഗത്തില്‍ രോഗനിവാരണകര്‍മ്മപദ്ധതി സംബന്ധിച്ച് ഡോ. എ.എസ്. പ്രദീപ് കുമാര്‍ ക്ലാസ്സെടുത്തു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലുളള ഡോക്ടര്‍മാരുടെ അഭാവം ഉടന്‍ പരിഹരിക്കുമെന്ന് ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുകയും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. ഉണ്ണികൃഷ്ണനും ഉറപ്പ് നല്‍കി. ജൂലൈ 4, 5, 6 തീയതികളില്‍ എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ആരോഗ്യപ്രവര്‍ത്തകരുടെ യോഗം ചേരുന്നതിനും പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം