സരിതയുടെ ഫോണ്‍ വിളി അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍

July 3, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത. എസ് നായര്‍ തന്നെ വിളിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ അന്വേഷണത്തിന്റെ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഇക്കഴിഞ്ഞ ജനുവരി 23 ന് ഒരു തവണയും 24നു രണ്ടു തവണയും 28 ന് ഒരു തവണയുമാണു തിരുവഞ്ചൂരിനെ സരിത വിളിച്ചതായി ടെലിഫോണ്‍ രേഖകളില്‍ വ്യക്തമായിരുന്നത്. 23നു മൂന്നു മിനിറ്റ് 50 സെക്കന്‍ഡും 24 ന് ആദ്യകോള്‍ 25 സെക്കന്‍ഡും രണ്ടാം കോള്‍ 91 സെക്കന്‍ഡും നീണ്ടു. 28 ന്റെ കോള്‍ 37 സെക്കന്‍ഡ് ആയിരുന്നു. എന്നാല്‍ സരിത വിളിച്ചിരുന്നോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിശദീകരണം. നൂറുകണക്കിനു കോളുകള്‍ വരുന്നതാണെന്നും ഏതായാലും സരിതയുമായി താന്‍ സംസാരിച്ചതായി ഓര്‍മയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം