പൊതുജനസമ്പര്‍ക്ക പരിപാടി: പരാതികള്‍ ജൂലൈ 15 വരെ സ്വീകരിക്കും

July 3, 2013 കേരളം

തിരുവനന്തപുരം: ഓഗസ്റ്റ് 12 ന് തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലേയ്ക്കുളള പരാതികള്‍ ജൂലൈ 15 വരെ സ്വീകരിക്കും. പരാതികള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനും തുടര്‍ നടപടികള്‍ കൈക്കൊളളുന്നതിനുമായി സി-ഡിറ്റ് വികസിപ്പിച്ച വെബ്‌പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.

പരാതിസ്വീകരിക്കുന്നതുമുതലുളള വിവിധ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാതല ഉദേ്യാഗസ്ഥര്‍ക്ക് കുടപ്പനക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രതേ്യക പരിശീലനം നടന്നു. പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുളള സ്വന്തം കമ്പ്യൂട്ടറില്‍ നിന്നോ അക്ഷയസെന്ററുകളില്‍ നിന്നോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. താലൂക്ക് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലും പരാതി സ്വീകരിക്കും. പരാതികള്‍ അന്നുതന്നെ ജില്ലാതല ഉദേ്യാഗസ്ഥന് അയച്ചുകൊടുക്കുകയും ഉദേ്യാഗസ്ഥന്‍ പരാതിയില്‍ സ്വീകരിച്ച നടപടി 15 ദിവസത്തിനുളളില്‍ കളക്ടറേറ്റിലെ ജനസമ്പര്‍ക്ക സെല്ലില്‍ ഓണ്‍ലൈനിലൂടെ അറിയിക്കുകയും ചെയ്യും. ഈ സെല്ലില്‍ നിന്നും തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യും. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ നേതൃത്വത്തിലുളള സ്‌ക്രീനിങ് കമ്മിറ്റിയും അതിനെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രിയും പരാതികള്‍ പരിശോധിക്കും. മുഖ്യമന്ത്രി നേരില്‍ക്കണ്ട് തീരുമാനമെടുക്കേണ്ട പരാതിക്കാരെ മാത്രമേ ജനസമ്പര്‍ക്കപരിപാടിയിലേയ്ക്ക് ക്ഷണിക്കുകയുളളൂ.

രാവിലെ 9.30 മുതല്‍ മുഖ്യമന്ത്രി പരാതിക്കാരെ നേരില്‍ കാണും. എല്ലാ ജില്ലാതല ഉദേ്യാഗസ്ഥര്‍ക്കും പ്രതേ്യക യൂസര്‍ ഐ.ഡി.യും പാസ്‌വേഡും നല്‍കും. കളക്ടറേറ്റില്‍ നടന്നപരിശീലന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാകളക്ടര്‍ കെ.എന്‍. സതീഷ്, എ.ഡി.എം. വി.ആര്‍. വിനോദ്, ലാന്റ്‌യൂസ് കമ്മീഷണര്‍ മേരിക്കുട്ടി, സി-ഡിറ്റ് പ്രതിനിധികള്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം