മന്ത്രിമാരുടെ ഫോണ്‍ ചോര്‍ന്നത് എഡിജിപി അന്വേഷിക്കും

July 4, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്ക്കേസിലെ പ്രതി സരിതാ നായരുമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാറിനോടാണ് മുഖ്യമന്ത്രി ഫോണ്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തു വന്ന ഫോണ്‍ വിളി സംബന്ധിച്ച രേഖകള്‍ ഔദ്യോഗികമായി പോലീസ് ശേഖരിച്ച വിവരങ്ങളല്ല. ഫോണ്‍ വിളി സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് എങ്ങനെയെന്നും ആരാണ് ഈ വിവരങ്ങള്‍ ശേഖരിച്ചതെന്നുമായിരിക്കും പോലീസ് അന്വേഷിക്കുക.

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായിട്ടാണ് ഫോണ്‍ വിവരങ്ങള്‍ കൈമാറുന്നതെന്ന് കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് മന്ത്രിമാര്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം സരിത എസ് നായരുമായുള്ള മന്ത്രിമാരുടെ ഫോണ്‍ വിളികള്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മറ്റ് കാര്യങ്ങള്‍ അന്വേഷണ സംഘം തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തനിക്ക് മിസ്ഡ് കോള്‍ വന്നാല്‍ തിരിച്ചുവിളിക്കും. കരിങ്കൊടിയെ ഭയക്കുന്നില്ല. ഒരു കാലത്ത് തന്റെ പണിയും ഇതായിരുന്നു. കരിങ്കൊടി കാണിക്കുന്നവരോട് തനിക്ക് സഹതാപമാണ്. കാര്യമറിയാതെയാണ് അവരുടെ പ്രവര്‍ത്തികളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇന്ന് കാലത്ത് തൃശൂരില്‍ തിരുവഞ്ചൂരിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. അഗ്നിശമന സേനയുടെ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിന് എത്തിയതായിരുന്നു തിരുവഞ്ചൂര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം