ദേശീയ ഗെയിംസ്: യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കും

July 4, 2013 കേരളം

തിരുവനന്തപുരം:  25-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കും. ദേശീയ ഗെയിംസ് ഒരുക്കം വിലയിരുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍  സെക്രട്ടേറിയറ്റില്‍ കൂടിയ ഉന്നതതല സമിതിയാണ് സ്ഥിരമായ ഫ്‌ളഡ് ലൈറ്റ് സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാവും ഫ്‌ളഡ് ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുക. ഇതോടെ തലസ്ഥാന നഗരിയില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥിരം സംവിധാനമുള്ള സ്റ്റേഡിയമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയം മാറും. നാലു കോടിയിലധികമാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഏഴരക്കോടി ചെലവില്‍ വൈദ്യുതി കണക്ഷനോടെ സ്ഥിരം സംവിധാനത്തിനും രണ്ടേമുക്കാല്‍ കോടി ചെലവില്‍ വാടകയ്ക്ക് എടുക്കുന്നതിനും യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും ചെലവ് കുറഞ്ഞതും സ്ഥിരമായതുമായ സംവിധാനം ഏര്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ജനറേറ്റര്‍ സംവിധാനത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

60 കോടി ചെലവു പ്രതീക്ഷിക്കുന്ന ഗയിംസ് വില്ലേജിന്റെ നിര്‍മ്മാണ നടപടി ക്രമങ്ങള്‍ ജൂലൈ 14 നു പൂര്‍ത്തിയാക്കും. 16 വര്‍ഷം വരെ നിലനില്‍ക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ചാവും ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണം. ഗെയിംസ് കഴിഞ്ഞാലും മറ്റ് സ്ഥലങ്ങളില്‍ ഇവ ഉപയോഗിക്കാന്‍ കഴിയും. ഉദ്ഘാടന സമാപന ചടങ്ങുകളില്‍ പരമാവധി ചെലവ് ചുരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്‍, ഫിനാന്‍സ് സെക്രട്ടറി ഡോ.വിപി.ജോയി, ഗെയിംസ് പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ മുന്‍ ഡി.ജി.പി.ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് സെക്രട്ടറി ശിവശങ്കരന്‍, വിവിധ സ്‌പോര്‍ട്‌സ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം