പമ്പ ആക്ഷന്‍ പ്ളാന്‍: തദ്ദേശ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 15ന് മുന്‍പ് നിര്‍ദേശങ്ങള്‍ നല്‍കണം

July 4, 2013 കേരളം

തിരുവനന്തപുരം: പമ്പ ആക്ഷന്‍ പ്ളാന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാലിന്യ നിര്‍മാര്‍ജന പ്രവൃത്തി നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 15ന് മുന്‍പ് പമ്പ റിവര്‍ ബേസിന്‍ അതോറിറ്റിക്ക് നല്‍കണം. പമ്പ നദീതീരത്തെ ഗ്രാമപഞ്ചായത്തുകള്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കി ബ്ളോക്ക് പഞ്ചായത്തുകളില്‍ നല്‍കണം. ബ്ളോക്ക് പഞ്ചായത്തുകളില്‍ നിന്നും ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ കൈപ്പറ്റും.

തദ്ദേശ സ്ഥാപങ്ങള്‍ സമയബന്ധിതമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് പമ്പ ആക്ഷന്‍ പ്ളാന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രവൃത്തികളെ സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അഭ്യര്‍ത്ഥിച്ചു. പമ്പ ആക്ഷന്‍ പ്ളാന്‍റില്‍ വരട്ടാറിനെയും ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. പമ്പ നദി മലിനമാകുന്നത് തടയുന്നതിന് പ്രാധാന്യം നല്‍കിയാവണം പദ്ധതികള്‍ രൂപീകരിക്കേണ്ടതെന്ന് അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ പറഞ്ഞു.

റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ എന്നിങ്ങനെ മേഖലകളായി തിരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. നദിയിലെ മണലെടുപ്പ് ഒഴിവാക്കണം. ആശുപത്രികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേക പരിഗണന നല്‍കണം. നദീതീര സംരക്ഷണം ഉറപ്പാക്കണം. ഫലപ്രദമായ പദ്ധതികള്‍ മാത്രമേ ആക്ഷന്‍ പ്ളാന്‍റില്‍ ഉള്‍പ്പെടുത്താവൂ. പമ്പ റിവര്‍ ബേസിന്‍ അതോറിറ്റി പ്രവര്‍ത്തിക്കാനുള്ള കെട്ടിടം ആറന്മുളയില്‍ ലഭ്യമാക്കാമെന്നും എംഎല്‍എ പറഞ്ഞു.

സന്നിധാത്തേയും പമ്പയിലേയും മാലിന്യ സംസ്കരണ പ്ളാന്റുകള്‍ക്ക് 10 എംഎല്‍ഡി ശേഷി വേണമെന്ന് രാജുഎബ്രഹാം എംഎല്‍എ പറഞ്ഞു. മാലിന്യം സംസ്കരിച്ച ശേഷമുള്ള അവശിഷ്ടം ഞുണങ്ങാറിലേക്ക് വിടാതെ വനത്തിനുള്ളില്‍ സ്പ്രേ ചെയ്യണം. നിലയ്ക്കലില്‍ തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ചെക്ക് ഡാമും മാലിന്യ സംസ്കരണ പ്ളാന്റും നിര്‍മിക്കണം. ഇവിടെ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കി ഷെല്‍റ്റര്‍ നിര്‍മിക്കണം. എരുമേലി, പമ്പ, പെരുനാട് എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണത്തിന് പദ്ധതി വേണം. കക്കൂസുകളുടെ എണ്ണം ആവശ്യമെങ്കില്‍ വര്‍ദ്ധിപ്പിക്കണം. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള കൂടുതല്‍ ലാബുകള്‍ സ്ഥാപിക്കണം. ജല അതോറിറ്റിയുടെ പമ്പിംഗ് കേന്ദ്രങ്ങളില്‍ ഫില്‍റ്ററിംഗ് മെച്ചപ്പെടുത്തണം. നദീ തീരങ്ങളില്‍ കല്‍ക്കെട്ടിനു പകരം മരങ്ങള്‍ നടണം. ശബരിമല വനത്തോടു ചേര്‍ന്നുള്ള പുല്‍മേടുകള്‍ സംരക്ഷിക്കാന്‍ പദ്ധതി വേണം. ആക്ഷന്‍ പ്ളാന്‍റിലെ പണം ഫലപ്രദമായി ചെലവഴിക്കണമെന്നും ഇത് നിരീക്ഷിക്കണമെന്നും എംഎല്‍എ പറഞ്ഞു. പമ്പയുടെ ഇരുകരയിലും അതിര് നിര്‍ണയിച്ച് സംരക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ പറഞ്ഞു. തീരങ്ങളില്‍ മരങ്ങളും മുളയും വച്ചു പിടിപ്പിക്കണം. നദീതടം ഉയര്‍ത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. നദീതടം ഉയര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ചെക്ക് ഡാമുകള്‍ നിര്‍മിക്കണം. നിര്‍മാണ പ്രവൃത്തികളില്‍ ഉപയോഗിക്കുന്നതിന് മണലിനുള്ള ബദല്‍ മാര്‍ഗം കണ്ടെത്തണം. നദിയിലെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി ഭൂമിയില്‍ വെള്ളം താഴുന്നതിന് കാന നിര്‍മിക്കണം. കൈത്തോടുകള്‍ നവീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പമ്പ റിവര്‍ ബേസിന്‍ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ജി. അനില്‍കുമാര്‍ വിഷയാവതരണം നടത്തി. മൂന്ന് മാസത്തിനുള്ളില്‍ സാധ്യതാ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എച്ച്.സലിംരാജ്, ദുരന്തിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്.സാവിത്രി, ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം