മുന്‍ ഐജി ലക്ഷ്മണ ജയില്‍ മോചിതനായി

July 5, 2013 കേരളം

തിരുവനന്തപുരം: നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐജി കെ.ലക്ഷ്മണയെ മോചിപ്പിച്ചു. രാവിലെ ആറിനാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലക്ഷ്മണ ജയില്‍മോചിതനായത്. 75 വയസ് കഴിഞ്ഞ തടവുകാരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് ലക്ഷ്മണ അടക്കം നാലു പ്രതികള്‍ക്ക് മോചനത്തിന് വഴിതുറന്നത്. എഴുപത്തഞ്ചു വയസ് തികഞ്ഞവരും ആരോഗ്യം ക്ഷയിച്ചവരുമായ തടവുപുള്ളികളെ വിട്ടയക്കാമെന്ന കേരള പ്രിസണ്‍സ് റൂള്‍സ് 1958 ലെ 537, 538, 539 ചട്ടങ്ങള്‍ പ്രകാരമാണ് ഉത്തരവ്. 79 വയസുള്ള ലക്ഷ്മണയെക്കൂടാതെ കറുപ്പസ്വാമി (82), ഗോപിനാഥന്‍ (82), ശ്രീധരന്‍ (81) എന്നിവരാണ് മോചിപ്പിക്കപ്പെടുന്ന മറ്റു തടവുകാര്‍. നക്സലേറ്റ് നേതാവായിരുന്ന വര്‍ഗീസിനെ വ്യാജ ഏറ്റുമുട്ടലിലൂടെ ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വധിച്ചതാണെന്ന് വര്‍ഗീസിനെ വെടിവച്ച കോണ്‍സ്റബിള്‍ രാമചന്ദ്രന്‍ നായര്‍ പിന്നീട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വന്നതും ലക്ഷ്മണയ്ക്ക് തടവുവിധിച്ചതും. വിചാരണ നടക്കുന്നതനിടെ രാമചന്ദ്രന്‍ നായര്‍ മരണമടഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം