നാലമ്പല ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

July 5, 2013 ക്ഷേത്രവിശേഷങ്ങള്‍

രാമപുരം: ഈവര്‍ഷത്തെ നാലമ്പലദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാമായണ മാസമായ കര്‍ക്കിടകത്തില്‍ ഒരു ദിവസം ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് വളരെ പുണ്യമായാണ് കരുതുന്നത്.

ഇവിടെ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം മൂന്ന് കിലോ മീറ്റര്‍ മാത്രമണ്. ഭാരതത്തില്‍ മറ്റൊരിടത്തും ഈ പ്രത്യേകതയില്ലയെന്നുള്ളതാണ് രാമപുരത്തെ നാലമ്പലദര്‍ശനത്തിന്റെ പ്രസക്തി. രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും കുടപ്പുലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശനം നടത്തുന്നതോടെ നാലമ്പലദര്‍ശനം പൂര്‍ത്തിയാകും. രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 5 മുതല്‍ രാത്രി 7.30 വരെയുമാണ് ദര്‍ശന സമയം.

നാലമ്പല ദര്‍ശന കമ്മിറ്റിയുടെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്കു മഴ നനയാതെ പന്തല്‍, മെഡിക്കല്‍ സര്‍വീസ്, ആംബുലന്‍സ് സര്‍വീസ്, താമസ സൗകര്യം, വാഹന പാര്‍ക്കിംഗ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ഭരതസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍