കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി

July 5, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി: മെട്രോ പദ്ധതിക്കായി എംജി റോഡില്‍ പരിശോധന നടക്കുന്നതിനാല്‍ഇന്നു രാത്രി 11 മുതല്‍ ഞായറാഴ്ച രാത്രി 11 വരെ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസി. പൊലീസ് കമീഷണര്‍ (ട്രാഫിക് വെസ്റ്റ്) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കച്ചേരിപ്പടി മാധവഫാര്‍മസി ഭാഗത്തുനിന്ന് എംജി റോഡ്വഴി ജോസ് ജങ്ഷനിലേക്ക് പോകേണ്ട സ്വകാര്യവാഹനങ്ങള്‍ ചിറ്റൂര്‍റോഡ്വഴി പോകണം. കച്ചേരിപ്പടിയില്‍നിന്ന് എംജി റോഡിലൂടെ തേവര, വൈറ്റില, എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട സര്‍വീസ്ബസുകള്‍ ചിറ്റൂര്‍ റോഡിലൂടെ രാജാജി ജങ്ഷനില്‍ എത്തി എംജി റോഡില്‍ പ്രവേശിക്കണം. മാധവഫാര്‍മസി ഭാഗത്തുനിന്ന് എംജി റോഡിലൂടെ പോകേണ്ട ചെറുവാഹനങ്ങള്‍ ചെന്നൈ സില്‍ക്കിനു മുന്നിലൂടെ വീക്ഷണം റോഡില്‍ പ്രവേശിച്ച് ചിറ്റൂര്‍ റോഡിലൂടെ രാജാജി ജങ്ഷനില്‍ എത്തി എംജി റോഡില്‍ പ്രവേശിക്കണം. കെപിസിസി ജങ്ഷനില്‍നിന്ന് മാധവഫാര്‍മസി ഭാഗത്തേക്ക് എംജി റോഡ്വഴി പോകാം. ഈയാട്ടുമുക്കുമുതല്‍ വീക്ഷണം റോഡ് ജങ്ഷന്‍വരെ ചിറ്റൂര്‍ റോഡില്‍ തെക്കുനിന്ന് വടക്കോട്ട് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല. നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കും. വാഹനങ്ങള്‍ എ എല്‍ ജേക്കബ് റെയില്‍വേ മേല്‍പ്പാലംവഴിയോ പുല്ലേപ്പടി റെയില്‍വെ മേല്‍പ്പാലംവഴിയോ നഗരത്തിലേക്ക് പ്രവേശിക്കുകയും തിരികെപ്പോവുകയും വേണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍