സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ 21 ന്‌ നടത്തും

July 6, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലായ് 21 ന് വീണ്ടും നടത്തും. ഉച്ചയ്ക്ക് രണ്ടുമുതല്‍ കൊച്ചിയിലായിരിക്കും പരീക്ഷ നടക്കുന്നത്.

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മെയ് 31 ന് നടത്തിയ പ്രവേശന പരീക്ഷ ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും ഇത്തവണത്തെ പരീക്ഷ. പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നടപടി ഹൈക്കോടതി ശരിവച്ചു.

കഴിഞ്ഞ തവണ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും ഇത്തവണ അവസരം നല്‍കുമെന്ന് ജസ്റ്റിസ് ജെ എം ജയിംസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തെളിവുമായി എത്തിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍