അഴിമതിക്കെതിരെ ഹെല്‍പ്‌ലൈനിന്‌ ഐഐഎം വിദ്യാര്‍ഥികള്‍

November 29, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

അഹമ്മദാബാദ്‌: അഴിമതിക്കെതിരെ ഹെല്‍പ്‌ലൈന്‍ നമ്പരുമായി ഐഐഎം വിദ്യാര്‍ഥികള്‍. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ ആറു വിദ്യാര്‍ഥികളാണ്‌ ഇത്തരമൊരു നമ്പര്‍ വേണമെന്ന ആവശ്യവുമായി മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുല്‍ കലാമിനെ കണ്ടത്‌. ഐഐഎം പ്രഫസറായ അനില്‍ ഗുപ്‌തയാണ്‌ വിദ്യാര്‍ഥികളുടെ ഈ ആശയത്തിനു ചുക്കാന്‍ പിടിക്കുന്നത്‌.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ആദര്‍ശ്‌ ഫളാറ്റ്‌, 2ജി സ്‌പെക്‌ട്രം തുടങ്ങിയ അഴിമതികള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ്‌ വിദ്യാര്‍ഥികള്‍ ഈ ആശയവുമായി എത്തിയത്‌. അഴിമതിയെക്കുറിച്ച്‌ എവിടെ പരാതി നല്‍കണമെന്നു പലര്‍ക്കും അറിയില്ല. പരാതി നല്‍കിയാല്‍ തന്നെ അതു പ്രതികൂലമായി ബാധിക്കുമെന്നു കൂടി അവര്‍ക്കു പേടിയുണ്ട്‌. ഇത്തരമൊരു നമ്പര്‍ വന്നാല്‍ അങ്ങനെയുള്ളവര്‍ക്ക്‌ ഉപകാരപ്പെടുമെന്നു ഗുപ്‌ത പറഞ്ഞു.
അഴിമതിയെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ സര്‍വേ നടത്തിയിരുന്നു. വിളിക്കുന്നവര്‍ക്ക്‌ അവരുടെ അവകാശങ്ങളെ കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുന്നതും ഹെല്‍പ്‌ലൈന്‍ നമ്പര്‍ കൊണ്ടു ഉദ്ദേശിക്കുന്നു. പരാതികള്‍ വ്യാജമാണോ എന്നു വിരമിച്ച ഓഫീസര്‍മാരെ കൊണ്ട്‌ പരിശോധിച്ച ശേഷമേ നടപടികള്‍ക്കായി അയയ്‌ക്കുകയുള്ളൂ. സംസ്‌ഥാനത്തെ ആന്റി കറപ്‌ഷന്‍ ബ്യൂറോ, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസ്‌, പൊലീസ്‌ തുടങ്ങിയവരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്‌. അവരുടെ സഹകരണമില്ലാതെ ഇത്തരമൊരു നമ്പര്‍ പുറത്തിറക്കാന്‍ സാധിക്കില്ല. വിദ്യാര്‍ഥികളായ രവി യാദവ്‌, ഉദിത്‌ ഗോയല്‍, സൗരഭ്‌ സിങ്‌, നിഖില്‍ ഭാസ്‌കര്‍, ശന്തനു ശേഖര്‍ എന്നിവരോടൊപ്പം ഇറ്റലിയില്‍ നിന്നുള്ള ഡാനിയല്‍ ഡി ലുണയും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം