ഫോണ്‍ ലിസ്റ്റ് വെളിപ്പെടുത്തുന്നതിനുള്ള നിബന്ധന കൂടുതല്‍ കര്‍ശനമാക്കും

July 6, 2013 ദേശീയം

ന്യൂഡല്‍ഹി: ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെയോ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെയോ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ട് ഇന്ത്യന്‍ ടെലിഗ്രാഫ് ചട്ടം പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഫോണ്‍ ചോര്‍ത്തല്‍ പോലെ തന്നെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പുറത്ത് വിടുന്നതും വ്യക്തി സ്വാതന്ത്യ്രത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അനുമതിയില്ലാതെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പുറത്ത് വിടുന്ന സേവനദാതാക്കളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള വ്യവസ്ഥയും പുതുതായി ഉള്‍പ്പെടുത്തും. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ ഇനി മുതല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണ ആവശ്യങ്ങള്‍ക്കായി ഫോണ്‍കോള്‍ രേഖകള്‍ എടുക്കാനാകൂ. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാന ഏജന്‍സികള്‍ക്ക് അനുമതി നല്‍കുക. കോള്‍ലിസ്റ് എടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കിയത് നിയമാനുസൃതമാണോ എന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ രൂപീകരിക്കുന്ന പുനപരിശോധനാ സമിതി തീരുമാനിക്കും. ക്യാബിനറ്റ് സെക്രട്ടറിക്ക് പുറമെ ആഭ്യന്തരം, ടെലികോം, നിയമം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരും സമിതിയില്‍ അംഗങ്ങളാകും. അന്വേഷണ ആവശ്യം കഴിഞ്ഞാല്‍ ആറുമാസത്തിനുള്ളില്‍ ഫോണ്‍വിളികളുടെ വിവരങ്ങള്‍ നശിപ്പിക്കണമെന്ന വ്യവസ്ഥയും പുതിയതായി ഉള്‍പ്പെടുത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം