242 മരുന്നുകളുടെ വില പ്രഖ്യാപിച്ചു

July 6, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) 242 മരുന്നുകളുടെ വില്‍പന നികുതി ഒഴികെയുള്ള പരമാവധി വില പ്രഖ്യാപിച്ചു. പുതിയതായി പ്രഖ്യാപിച്ച വിലയുടെ മേല്‍ പ്രാദേശിക നികുതി കൂടി ചേര്‍ത്താണ് ഒരു മരുന്നിന്റെ പരമാവധി വില നിശ്ചയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഔഷധനയം പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് 348 മരുന്നുകളുടെ വിലവിവരം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു നടപ്പിലാക്കുന്നതിന് 45 ദിവസത്തെ സമയം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ അധികം വിലയുള്ള മരുന്നുകള്‍ പിന്‍വലിക്കുകയോ ലേബലിലെ വില മാറ്റി പുനര്‍ലേബല്‍ ചെയ്യുകയോ വേണം. സമയപരിധി കഴിഞ്ഞിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയുള്ള മരുന്നുകളുടെ വില്‍പന സംസ്ഥാനത്ത് അനുവദിക്കുന്നതല്ലെന്നും, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ചില്ലറ/മൊത്ത മരുന്നു വില്‍പ്പനക്കാരും, ഫാര്‍മസികളും മരുന്നുകളുടെ വില പരിധിലംഘിച്ച് കച്ചവടം ചെയ്യരുതെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകളുടെ വിലയും മറ്റു വിശദാംശങ്ങളും www.nppaindia.nic.in , www.dc.kerala.gov.in, www.prd.kerala.gov.inവെബ്‌സൈറ്റുകളില്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍