കോണ്‍ഗ്രസിലെ അനൈക്യം ദോഷകരമായി: കെ.പി. മോഹനന്‍

July 8, 2013 കേരളം

ആലപ്പുഴ: കോണ്‍ഗ്രസിനുള്ളിലെ അനൈക്യം മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ദോഷകരമായി ബാധിച്ചെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍. ഇതു യുഡിഎഫ് സംവിധാനത്തേയും തകരാറിലാക്കി. മികച്ച പൊതുപ്രവര്‍ത്തകനുള്ള ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് മുഖ്യമന്ത്രിക്കു ലഭിച്ചെങ്കിലും വിവാദങ്ങള്‍ മൂലം ശ്രദ്ധിക്കപ്പെടാതെ പോയി. സോഷ്യലിസ്റ് യുവജനത സംസ്ഥാന പ്രതിനിധി സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണത്തില്‍ കൂട്ടായ്മയുണ്ട്. മുഖ്യമന്ത്രി വികസന ഭരണമാണു നടത്തുന്നത്. ഇത് ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരും കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.  സംസ്ഥാന ഭരണത്തിനെതിരേ ഊറ്റംകൊളളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പോലും പ്രശ്നങ്ങളുണ്ട്. എവിടെ നോക്കിയാലും അഴിമതിയും രാഷ്ട്രീയ അരാജകത്വവുമെന്നതാണ് നിലവിലെ സ്ഥിതി-അദ്ദേഹം തുടര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.

സോഷ്യലിസ്റ് ജനത സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഷേക്ക് പി. ഹാരിസ്, ചാരുപാറ രവി, വി. കുഞ്ഞാലി, പി. കോരന്‍മാസ്റ്റര്‍, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, എം.വി. ശ്യാം, പ്രഫ. ഡി. നാരായണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു സംഘടനാചര്‍ച്ചയും നടന്നു.

എസ്വൈജെ സംസ്ഥാന വൈസ്പ്രസിഡന്റുമാരായ അജി ഫ്രാന്‍സീസ്, പി.കെ. പ്രവീണ്‍, മുല്ലക്കര സക്കറിയ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സമാപനസമ്മേളനം എസ്ജെഡി നിയമസഭാനേതാവ് എം.വി. ശ്രയാംസ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം