അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നു പത്ത് മരണം

July 8, 2013 രാഷ്ട്രാന്തരീയം

അലാസ്ക: അമേരിക്കയിലെ അലാസ്കയിലുള്ള സോല്‍ഡോറ്റ്ന വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു പത്തുപേര്‍ മരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റും ഒന്‍പത് യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചതെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിലെ ക്ളിന്റ് ജോണ്‍സന്‍ പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിടില്ല. വിമാനപറന്നുയരുന്നതിനിടെ വിമാനത്താവളത്തിലേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തകര്‍ന്നു വീണ വിമാനം പൂര്‍ണമായും കത്തിനശിച്ചു. അമേരിക്കന്‍ സമയം ഞായറാഴ്ച പുലര്‍ച്ചയാണ് അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല. എയര്‍ടാക്സിയായി ഉപയോഗിക്കുന്ന സ്വകാര്യവിമാനമാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞദിവസം സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ ദക്ഷിണ കൊറിയയിലെ ഏഷ്യാന എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനം ഇറങ്ങുന്നതിനിടെ തകര്‍ന്നു തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. മുന്നൂറിലധികം യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് ഇന്ത്യക്കാരടക്കം 307 പേരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. 182 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. റണ്‍വേയിലിടിച്ച് തകര്‍ന്ന് തീപിടിച്ച വിമാനത്തില്‍നിന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും രക്ഷപ്പെടാനായത് വലിയ അദ്ഭുതമായിട്ടാണ് വിലയിരുത്തുന്നത്. അതിനിടെയാണ് പത്തു പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം