വി.എസിനും പിണറായിക്കുമെതിരേ വിജിലന്‍സ് അന്വേഷണം

July 11, 2013 കേരളം

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ നിലനിന്ന കേസുകളില്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ചതില്‍ സര്‍ക്കാരിന് മൂന്നു കോടിയിലധികം രൂപ നഷ്ടമുണ്ടായെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വി.എസിനെയും പിണറായിയെയും കൂടാതെ മുന്‍മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം. വിജയകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒക്ടോബര്‍ 22 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ രാജു പുഴങ്കരയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 2006-2011 കാലയളവില്‍ ഐസ്ക്രീം, ലോട്ടറി, ലാവ്ലിന്‍ കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്നുള്ള അഭിഭാഷകരെ ഉള്‍പ്പെടെ കൊണ്ടുവന്നതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പ്രഗത്ഭരായ അഭിഭാഷകരുള്ളപ്പോള്‍ സര്‍ക്കാരിന്റെ ഇത്തരമൊരു നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരത്തിലൊരു കീഴ്വഴക്കം സംസ്ഥാനത്ത് നിലവിലില്ലായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐസ്ക്രീം കേസില്‍ മാത്രം പുറത്തുനിന്ന് അഭിഭാഷകരെ എത്തിച്ചതിലൂടെ 15 ലക്ഷം രൂപയാണ് വി.എസ് നഷ്ടമുണ്ടാക്കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. വിവാദ ദല്ലാള്‍ നന്ദകുമാറുമായി വി.എസ് നടത്തിയ ഇടപാടുകള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന വി.എസിനെതിരെയാണ് ഹര്‍ജിയില്‍ പ്രധാനമായും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇതിനു കൂട്ടുനിന്നു എന്ന പേരിലാണ് മറ്റുള്ളവരുടെയും പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇവരുടെ അറിവോടെയാണ് അഭിഭാഷകരെ എത്തിച്ചതെന്നാണ് ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം