കരമന കളിയിക്കാവിള നാലുവരിപ്പാത 10,000 കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും- മുഖ്യമന്ത്രി

July 11, 2013 കേരളം

തിരുവനന്തപുരം: കരമന-കളിയിക്കാവിള നാലുവരിപ്പാത പതിനായിരം കോടിയുടെ ആന്വിറ്റി പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരമന-കളിയിക്കാവിള നാലുവരിപ്പാതയ്ക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ 21 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടോള്‍ ഏര്‍പ്പെടുത്തുന്നില്ല എന്നുള്ളതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലം എം.എല്‍.എ- കൂടിയായ മന്ത്രി വി.എസ്. ശിവകുമാറിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി കരമന-കളിയിക്കാവിള റോഡിനെ ആന്വിറ്റി പദ്ധതിയിലുള്‍പ്പെടുത്തിയത്. പദ്ധതിയുടെ ഒന്നാം റീച്ചിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍പ് നല്‍കിയിട്ടുള്ള 100 കോടിക്കു പുറമേ അധികമായി ആവശ്യമുള്ള 66 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഉടന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 15 ന് കേരളത്തില്‍ എത്തുന്ന കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫര്‍ണാണ്ടസിന്റെ സാന്നിദ്ധ്യത്തില്‍ നാഷണല്‍ ഹൈവേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ തിരുവനന്തപുരം ബൈപാസ് (കഴക്കൂട്ടം-നെയ്യാറ്റിന്‍കര ബൈപ്പാസിന്റെ) സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. മോണോറെയില്‍ സംബന്ധിച്ച കാര്യങ്ങളും വേഗത്തിലാണ്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയും സ്ഥലമേറ്റെടുപ്പാണ് പ്രശ്‌നം. എന്നാന്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലസ്ഥാന വികസനത്തിനുള്ള രണ്ടാംഘട്ട പദ്ധതികള്‍ തയ്യാറായിട്ടുണ്ട്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും പൊതുജനങ്ങളും സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നത് സര്‍ക്കാരിന് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായകമാകും. മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തിനും വികസിക്കണമെങ്കില്‍ സംസ്ഥാന ബജറ്റിനപ്പുറമുള്ള പരിപാടികളുമായി മുന്നോട്ടുപോകണം. വികസനം വരണമെങ്കില്‍ സ്ഥലം ലഭ്യമാകണം. എന്നാല്‍ സ്ഥല ദൗര്‍ലഭ്യവും സ്ഥലത്തിനുള്ള കനത്ത വിലയുമാണ് സംസ്ഥാനത്ത് ഇതിന് തടസമായി നില്‍ക്കുന്നത്. വികസനപ്രവര്‍ത്തനത്തിനുവേണ്ടി സ്ഥലം ഒഴിയുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സമയത്തുതന്നെ ലഭ്യമാക്കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാര്‍ക്കറ്റ് വില ലഭ്യമായശേഷമേ സ്ഥലം ഏറ്റെടുക്കാവുയെന്നാണ് സര്‍ക്കാരിന്റെ നയം. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ റോഡുകളും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വികസിപ്പിക്കേണ്ടതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി കെ.എം.മാണി പറഞ്ഞു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ കേരളത്തെ സംബന്ധിച്ച് പ്രധാന പ്രശ്‌നമാണ്. വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുമെന്നും ധനകാര്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വ്യോമ-ജല-റെയില്‍-റോഡ് മള്‍ട്ടിമോഡല്‍ ഹബ്ബിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി ഡോ.ശശിതരൂര്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എം.എല്‍.എ.മാരായ കെ.മുരളീധരന്‍, ആര്‍.ശെല്‍വരാജ്, എ.ടി.ജോര്‍ജ്ജ് മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം