എഴുപത് കോടിയുടെ ടൂറിസം പദ്ധതികള്‍ക്ക് അനുമതി

July 13, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് 69.36 കോടിയുടെ വിവിധ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി പട്ടികജാതി പിന്നോക്കക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.

വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സീവേജ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും പ്ലാന്റിലേയ്ക്ക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം വാങ്ങുന്നതിനുമായി അഞ്ചു കോടിയുടെ പദ്ധതി നിര്‍ദ്ദേശത്തിനും, സീപ്ലെയിന്‍ സര്‍വ്വീസിനായി സ്ഥാപിക്കുന്ന വാട്ടര്‍ ഡ്രോമുകളുടെ ഭരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി 2.41 കോടി രൂപയുടെ പദ്ധതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവര്‍ത്തനക്ഷമതാ വികസനത്തിനുമായി കിറ്റ്‌സ് സമര്‍പ്പിച്ച 3.50 കോടി രൂപയുടെ പദ്ധതിക്കും, മാലിന്യരഹിത ടൂറിസ്റ്റ് കേന്ദ്ര പ്രവര്‍ത്തനങ്ങള്‍ക്കായി 2.63 കോടിയുടെ പദ്ധതിക്കും ഭരണാനുമതി നല്‍കി. ലൈഫ് ഗാര്‍ഡുകളുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിലേയ്ക്ക് 31.79 ലക്ഷം രൂപയും അനുവദിച്ചു.

ഗോള്‍ഡന്‍വാലി ടൂറിസം സര്‍ക്യൂട്ടിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 44 ലക്ഷം, കോവളത്ത് സേവന നൗക ടൂറിസം അമിനിറ്റി സെന്റര്‍ പദ്ധതിക്ക് 70 ലക്ഷം, കാപ്പില്‍ ബീച്ചും ബോട്ട് ക്ലബ്ബും ഉള്‍പ്പെടുത്തിയുള്ള ടൂറിസ്റ്റ് കേന്ദ്ര വികസനത്തിന് 86.33 ലക്ഷം, ഡി.ടി.പി.സി. ക്ക് ബോട്ടും ബോട്ട് എഞ്ചിനും വാങ്ങാന്‍ 1.58 കോടി, തമ്പാനൂര്‍ ചൈത്രം ഹോട്ടലിന്റെ നവീകരണത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ ഭരണാനുമതി നല്‍കിയ ടൂറിസം പദ്ധതികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം