ആഗസ്റ്റ് 15 മുതല്‍ എല്ലാ ആശുപത്രികളിലും സൗജന്യമരുന്ന്: ആരോഗ്യമന്ത്രി

July 13, 2013 കേരളം

തിരുവനന്തപുരം: പ്രാഥമികാരോഗ്യകേന്ദ്രം മുതലുളള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് 15 മുതല്‍ എ.പി.എല്‍./ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമരുന്ന് ലഭ്യമാക്കുമെന്നും ഇതോടെ വിലയേറിയ ജനറിക് മരുന്നുകള്‍ സൗജന്യമായി ലഭ്യമാകുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പുതുതായി നാല് ഡോക്ടര്‍മാരെ നിയമിക്കും. 10 കിടക്കകളോടുകൂടിയ ഡയാലിസിസ് യൂണിറ്റ്, സി.റ്റി. സ്‌കാന്‍, പുതിയ ഓപ്പറേഷന്‍ തിയേറ്റര്‍, മലിനജല സംസ്‌കരണ പ്ലാന്റ്, പാലിയേറ്റീവ് കെയര്‍ എന്നിവ തുടങ്ങുന്നതിന് നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രി പരിസരത്ത് 20 ഏക്കര്‍ ഭൂമി കണ്ടെത്തി നല്‍കുകയാണെങ്കില്‍ നെയ്യാറ്റിന്‍കര ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രീകൃത സോഫ്റ്റ്‌വെയര്‍ ഡേറ്റ സംവിധാനത്തോടുകൂടിയ ഫാര്‍മസിയോടൊപ്പം പുതിയ എക്‌സ് റേ യൂണിറ്റ്, അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആര്‍. സെല്‍വരാജ് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ. അന്‍സജിതാ റസല്‍ മുഖ്യപ്രഭാഷണവും നെയ്യാറ്റിന്‍കര നഗരസഭാചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍ ആദ്യവില്പനയും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ സുബൈദ റ്റീച്ചര്‍, ആനാട് ജയന്‍, ഉഷാകുമാരി, ഡി.എം.ഒ. ഡോ. സതീഷ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം