മന്ത്രിസഭ പുനഃസംഘടനയില്ല: ആന്‍റണി

July 14, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: സംസ്ഥാനത്ത് മന്ത്രിസഭ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് യാതൊരു നിര്‍ദേശവും നല്‍കിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി പറഞ്ഞു. തന്റെ അറിവില്‍ ഒരു പുന:സംഘടന ചര്‍ച്ചയും നടന്നിട്ടില്ലെന്നും നേതൃമാറ്റമുണ്ടാകില്ലെന്നും  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കാവുന്നതാണെന്നും പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുണ്ടെങ്കില്‍ മാത്രമേ  ഹൈക്കമാന്‍ഡ് ഇടപെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സമരം ചെയ്ത് പുറത്താക്കാമെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണ്. സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. വിവാദങ്ങള്‍ ഭരണത്തില്‍ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടമായോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ താനൊരു ജഡ്ജിയല്ലെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കണമെന്നുമായിരുന്നു ആന്റണിയുടെ മറുപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം