കേരള സര്‍വകലാശാല അസിസ്റന്റ് നിയമനം: അന്വേഷണം അട്ടിമറിച്ചു

July 15, 2013 കേരളം

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നടന്ന വിവാദ അസിസ്റന്റ് പരീക്ഷയിലെ 40,000 ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിലെ അന്വേഷണോദ്യാഗസ്ഥനെ സ്ഥലം മാറ്റി. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിയുണ്ടായത്. ഹൈക്കോടതിയും ലോകായുക്തയും ഇടപെട്ട് ഉത്തരവിട്ട ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി സുള്‍ഫിക്കറിനെ സ്ഥലം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. സുള്‍ഫിക്കറിനെ മാറ്റരുതെന്നാവശ്യപ്പെട്ട് എഡിജിപി വിന്‍സന്‍ എം.പോള്‍ ആഭ്യന്തരമന്ത്രിക്കെഴുതിയ ഫയലും ചിലര്‍ മുക്കി. കേസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി മാറ്റിയത്. സര്‍വകലാശാലയിലെ അസിസ്റന്റ് നിയമനത്തില്‍ ഉത്തരക്കടലാസുകള്‍ മുക്കിയശേഷം ഇന്റര്‍വ്യൂവിന് അനധികൃതമായി മാര്‍ക്കിട്ട് സ്വന്തക്കാരെ നിയമിച്ചുവെന്ന് ലോകായുക്തയും ഹൈക്കോടതി നിയമിച്ച കമ്മീഷനും കണ്െടത്തിയിരുന്നു. ഇങ്ങനെ നിയമിക്കപ്പെട്ടവരില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരുടെ അടുപ്പക്കാരുമുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വൈസ് ചാന്‍സലറുടെയും രജിസ്ട്രാറുടെയും അറിവോടെയാണ് അഴിമതി നടന്നുവെന്നുള്ളതുകൊണ്ട് ഇവരെയും പ്രതികളാക്കാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയാണ് കേസ് അട്ടിമറിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം