കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകള്‍ 50:50 അനുപാതത്തില്‍ നിര്‍മ്മിക്കും – മുഖ്യമന്ത്രി

July 15, 2013 കേരളം

തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകള്‍ 50:50 അനുപാതത്തില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സഹമന്ത്രി സര്‍വ്വേ സത്യനാരായണ എന്നിവരുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകള്‍ സംസ്ഥാനം 50 %, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 50% എന്ന നിലയിലാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനുള്ള അനുവാദം കേന്ദ്രത്തില്‍ നിന്നും ലഭിച്ചുകഴിഞ്ഞു. അതേ സമയം തിരുവനന്തപുരം ബൈപാസ് പാക്കേജായി നേരത്തേ അംഗീകരിച്ചിട്ടുള്ളതിനാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തന്നെ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കും. ഇതോടുകൂടി സംസ്ഥാനത്തെ നാല് ബൈപാസുകളും സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണത്തിനുമുമ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടുവരിപാതയായതിനാല്‍ അഞ്ച് ബൈപാസുകള്‍ (കൊല്ലം- കഴുതുരുട്ടി), (കോഴിക്കോട് – മുത്തങ്ങ), (കോഴിക്കോട്-പാലക്കാട്), (കൊല്ലം-കുമളി), (ബോഡിമേട്ട്- കുണ്ടന്നൂര്‍) സംസ്ഥാനസര്‍ക്കാര്‍ തിരികെ ഏറ്റെടുത്തിട്ടുണ്ട്. ബി.ഒ.ടി. അടിസ്ഥാനത്തില്‍ ഇതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. കേന്ദ്രത്തിന് ഇത് സംബന്ധിച്ച 357 കോടി രൂപയുടെ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളായി ഇത് അനുവദിക്കുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഉറപ്പുനല്‍കിയായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ റോഡ് – അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. വേണ്ടത്ര വേഗത്തില്‍ ഇതിനായി സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കേരളത്തിന്റെ പോരായ്മയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ദേശീയപാതാ വികസനം രണ്ടായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. സ്ഥലം ഏറ്റെടുത്ത ഇടങ്ങളിലെ ദേശീയപാതാ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. മണ്ണുത്തി-വാളയാര്‍ മേഖലയില്‍ ഇതിനോടകം സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടുണ്ട്. അവിടെ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഇല്ലാതെ നടപടികള്‍ സ്വീകരിക്കും. മറ്റു സ്ഥലങ്ങളിലെ പാക്കേജുകള്‍ക്ക് സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കും. പൂര്‍ണമായും സ്ഥലം ഏറ്റെടുത്ത് നല്‍കാനാകാത്ത സ്ഥലങ്ങളില്‍ ബൈപാസിനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ റോഡ് വികസനം പ്രത്യേകമായി നോക്കിക്കണ്ടില്ലെങ്കില്‍ പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്ന് കേന്ദ്ര ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. കേരളത്തില്‍ സ്ഥലവില വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും പ്രശ്‌നങ്ങളെ പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഗതാഗത-ദേശീയപാത വകുപ്പ് സഹമന്ത്രി സര്‍വ്വേ സത്യനാരായണ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്, ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ ആര്‍.പി.സിംഗ് എന്നിവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം