മില്‍മ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ഹൈക്കോടതി

July 15, 2013 കേരളം

കൊച്ചി: പാല്‍പ്പൊടി കലര്‍ത്തിയ പാല്‍ വില്‍ക്കുന്ന മില്‍മയ്ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കവറില്‍ ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്ന് രേഖപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് മില്‍മ അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം വാചകങ്ങള്‍ കവറുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ജസ്റിസുമാരായ എസ്.സിരിജഗനും കെ.രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. മില്‍മയുടെ നടപടി ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ അടുത്ത തിങ്കാളാഴ്ചയ്ക്കകം കോടതിയെ നിലപാട് അറിയിക്കണം. അല്ലെങ്കില്‍ മായംചേര്‍ക്കല്‍ നിരോധിത നിയമപ്രകാരം മില്‍മയ്ക്കെതിരെ കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ദേശീയ ക്ഷീരവികസന കോര്‍പറേഷനാണു പാല്‍ കവറില്‍ ഫ്രെഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതാന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും അതിനാല്‍ അവരുടെ അനുമതിയോടു കൂടി മാത്രമേ അതു മാറ്റാന്‍ കഴിയുകയുള്ളെന്നും മില്‍മയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം