ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബാക്രണം

July 16, 2013 കേരളം

തലശേരി: എസ്ഡിപിഐ-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പാനൂര്‍ തങ്ങള്‍പീടികയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബാക്രമണം. ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകനായ തങ്ങള്‍പീടിക പുതിയകാവിനു സമീപം കുനിയില്‍ കൊളശേരീന്റവിട കിട്ടന്റെ വീടിനുനേരേയാണു ബോംബാക്രമണമുണ്ടായത്. സ്ഫോടനത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവസ്ഥലത്തുനിന്നും പൊട്ടാത്ത ഉഗ്രശേഷിയുള്ള ഒരു നാടന്‍ ബോംബ് പോലീസ് കണ്െടടുത്തു. ഞായറാഴ്ച രാത്രി എസിഡിപിഐ പ്രവര്‍ത്തകന്‍ തങ്ങള്‍പീടികയിലെ ബിസ്മില്ല ഹൌസില്‍ മുഹമ്മദ് മഫീദിന്റെ (22) വീടിനുനേരേ ബോംബാക്രമണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നു പുലര്‍ച്ചെ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരേ അക്രമം നടന്നത്. ഇതോടെ രണ്ടു ദിവസങ്ങളിലായി ഈ പ്രദേശത്ത് തുടരുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ബോംബാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും തങ്ങള്‍പീടിക, മാക്കൂല്‍പീടിക പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വ്യാപകമായ റെയ്ഡ് നടത്തിവരികയാണ്. പാനൂര്‍ സിഐ ജയന്‍ ഡൊമിനിക്ക്, എസ്ഐ സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു റെയ്ഡ്. പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ സിഐയുടെ നേതൃത്വത്തില്‍ സമാധാന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കിട്ടന്റെ വീടിനുനേരേ ബോംബാക്രമണം നടന്ന വിവരമറിഞ്ഞ ബിജെപി ജില്ലാ കമ്മറ്റി അംഗം സഞ്ജീവ്കുമാര്‍, വി. സത്യപ്രകാശ് തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും സ്ഥലത്തെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം