കൂടംകുളം പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചത് ദുരൂഹം : വെല്‍ഫെയര്‍ പാര്‍ട്ടി

July 17, 2013 കേരളം

തിരുവനന്തപുരം: കൂടംകുളം ആണവ നിലയം തിടുക്കത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് ദുരൂഹവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി നിര്‍ദ്ദേശിച്ച പതിനഞ്ചിന മാര്‍ഗ നിര്‍ദ്ദേശങ്ങളും സുരക്ഷാ മുന്നറിയുപ്പുമില്ലാതെയാണ് എ.ഇ.ആര്‍.ബി യുടെ ഉത്തരവിന്റെ മറവില്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. ആണവ ദുരന്തമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നു പൊതുജനങ്ങളെ അറിയിച്ചിട്ടില്ല. ഇടിന്തകരയിലെ ജനകീയസമരത്തെ പുല്ലു വിലകല്‍പ്പിക്കാത്ത ആണവനിലയ അധികൃതര്‍ ജനാധിപത്യത്തെയാണ് അവഹേളിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാന്‍ കഴിയില്ല എന്നുറപ്പുള്ള ആണവനിലയം അടച്ചുപൂട്ടുകയാണ് വേണ്ടത്. ആണവനിലയങ്ങള്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമല്ല; അപരിഹാര്യമായ ജൈവിക പാരിസ്ഥിതിക നാശമാണ് അവ ഉണ്ടാക്കുക. തെക്കന്‍ കേരളത്തിന് പ്രത്യകിച്ചും കേരളത്തിലെ സമുദ്ര തീരങ്ങള്‍ക്കു പൊതുവിലും അപകട ഭീഷണിയായ ആണവനിലയം അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള ഗവണ്‍മെന്റ് തയ്യാറാവണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍, വൈസ്പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, സെക്രട്ടറിമാരായ ശ്രീജ നെയ്യറ്റിന്‍കര, കെ.എ ഷഫീഖ്, ശശി പന്തളം, തെന്നിലാപുരം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം