നിലയ്ക്കലില്‍ കര്‍ണാടക ഭവന്‍ ശിലാസ്ഥാപനം നാളെ

July 17, 2013 കേരളം

പത്തനംതിട്ട: കര്‍ണാടക സര്‍ക്കാര്‍ നിലയ്ക്കലില്‍ നിര്‍മിക്കുന്ന കര്‍ണാടക ഭവന് നാളെ (ജൂലൈ 18) തറക്കല്ലിടും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ നാലര ഏക്കര്‍ സ്ഥലത്താണ് കര്‍ണാടക ഭവന്‍ നിര്‍മിക്കുന്നത്. നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 740 വീതം കക്കൂസുകളും കുളിമുറികളും 2000 ലോക്കറുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ 10 കോടി രൂപ ചെലവില്‍ ഏര്‍പ്പെടുത്തും.

അത്യാഹിതങ്ങള്‍ നേരിടുന്നതിന് എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍ സ്ഥാപിക്കും. ആദ്യഘട്ടം ഡിസംബറിനു മുന്‍പ് പൂര്‍ത്തിയാക്കും. ഏത് സംസ്ഥാത്തെ അയ്യപ്പഭക്തുര്‍ക്കും ഇവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ-ദേവസ്വം  മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ കര്‍ണാടക ചെറുകിട വ്യവസായ വകുപ്പ് മന്ത്രി പ്രകാശ് ബാബണ്ണ ഹുക്കേരി ശിലാസ്ഥാപനം നിര്‍വഹിക്കും.

റവന്യു-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് മുഖ്യാതിഥിയായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ.കുമാരന്‍, ആന്റോ ആന്റണി എംപി, രാജുഎബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍, എഡിജിപി എ.ഹേമചന്ദ്രന്‍, പൊതുഭരണ-ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ്, ജില്ലാ പോലീസ് മേധാവി പി.വിമലാദിത്യ, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, സെക്രട്ടറി ബാലചന്ദ്രന്‍ നായര്‍, ഡിവിഷണല്‍ ഫോറസ്റ് ഓഫീസര്‍ എസ്.ജാര്‍ദ്ദന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രസാദ്, കര്‍ണാടക പിഡബ്ള്യുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഇ. വെങ്കടയ്യ തുടങ്ങിയവര്‍ സംബന്ധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം