ഭക്ഷ്യവിഷബാധ: ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 22 ആയി

July 18, 2013 ദേശീയം

ഛപ്ര: ബിഹാറിലെ സരണ്‍ ജില്ലയില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍നിന്നുള്ള വിഷബാധയെത്തുടര്‍ന്നു മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. ഛപ്രയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മഷ്റാഖ് ബ്ളോക്കില്‍പ്പെട്ട ധര്‍മസതി ഗന്‍ഡവാന്‍ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണു ദുരന്തമുണ്ടായത്. 16 കുട്ടികള്‍ വഴിമധ്യേയും നാലുപേര്‍ പാറ്റ്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. ഈ സംഭവത്തിനു പിന്നാലെ ബിഹാറിലെ മധുബനി സ്കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലും വിഷബാധയുണ്ടായി. ഉച്ചഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച 50 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിസ്ഫിയിലുള്ള നവ്തോലിയ മിഡില്‍ സ്കൂളിലെ കുട്ടികള്‍ക്കാണ് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായത്. ഏഴുപേരുടെ നില ഗുരുതരമാണ്. ധര്‍മസതി ഗന്‍ഡവാന്‍ ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ മരിച്ചവരില്‍ രണ്ടുപേര്‍ സ്കൂളില്‍ ഉച്ചക്കഞ്ഞി ഉണ്ടാക്കുന്ന പാചകക്കാരിയുടെ മക്കളാണ്. മറ്റൊരു പാചകക്കാരിയുടെ മൂന്നു കുട്ടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 25 കുട്ടികളാണു ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു പാറ്റ്ന മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് എസ്പി അമര്‍കാന്ത് ഝാ പറഞ്ഞു. ഭക്ഷണത്തിനു രുചിവ്യത്യാസമുള്ളതായി പ്രധാനാധ്യാപികയായ മീനാദേവിയോടു പരാതി നല്‍കിയുന്നതായി ചികിത്സയില്‍ കഴിയുന്ന ഒരു വിദ്യാര്‍ഥിനി പോലീസിനു മൊഴി നല്‍കി. അപ്പോള്‍ മുഴുവന്‍ ആഹാരവും കഴിക്കാന്‍ പ്രധാനാധ്യാപിക ആവശ്യപ്പെട്ടുവെന്നും വയറുവേദന അനുഭവപ്പെടുന്നതായി പരാതി പറഞ്ഞ കുട്ടികളെ വീട്ടിലേക്കു പറഞ്ഞയച്ചെന്നുമാണു മൊഴി.

വഴിയില്‍ ബോധംകെട്ടുവീണ കുട്ടികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആഹാരം പാകംചെയ്യുന്നതിനാവശ്യമായ വസ്തുക്കള്‍ പ്രധാനാധ്യാപികയുടെ ഭര്‍ത്താവാണ് എത്തിച്ചുകൊടുത്തതെന്നു പാചകക്കാരിയായ മഞ്ജുദേവി പറഞ്ഞു. ഇതിനിടെ, പ്രകോപിതരായ ധര്‍മസതി ഗന്‍ഡവാന്‍ ഗ്രാമവാസികള്‍ പ്രൈമറി സ്കൂള്‍ അടിച്ചുതകര്‍ത്തു. പ്രധാനാധ്യാപികയും കുടുംബവും ഒളിവിലാണ്. പ്രകോപിതരായ നാട്ടുകാര്‍ ആസ്ഥാനത്തെ ചെടിച്ചട്ടികളും കസേരകളും നശിപ്പിച്ചു. സരണ്‍ ജില്ലയില്‍ ആര്‍ജെഡി, ബിജെപി, എല്‍ജെപി പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന ബന്ദ് അക്രമാസക്തമായി. പ്രക്ഷോഭകര്‍ മൂന്നു പോലീസ് ജീപ്പുകള്‍ തീവച്ചു നശിപ്പിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചില സ്ഥലങ്ങളില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ലോക്സഭ മണ്ഡലമാണു ഛപ്ര. 22 സ്കൂള്‍കുട്ടികള്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു മരിക്കാനിടയായ സംഭവത്തെക്കുറിച്ചു ബിഹാര്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി എം.എം. പല്ലം രാജു ന്യൂഡല്‍ഹിയില്‍ പറഞ്ഞു. പ്രധാനാധ്യാപികയെ പ്രതിയാക്കി പോലീസ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര എച്ച്ആര്‍ഡി മന്ത്രാലയം സെക്രട്ടറി അമര്‍ജിത് സിംഗ്, സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാസ്ജി എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചു ഡോക്ടര്‍മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ലാലു പ്രസാദ് യാദവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം