ഗുരുസാന്നിദ്ധ്യം മഹാസമാധിക്കുശേഷം

July 18, 2013 ഗുരുവാരം,പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

സ്വാമിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഉല്‍ക്കണ്ഠാജനകങ്ങളായ അനേകം സംഭവങ്ങളുണ്ട്. തീവ്രമായ ജീവിതസന്ധികള്‍ തരണം ചെയ്ത് ധര്‍മാര്‍ത്ഥം കര്‍മനിരതനാകാനുള്ള ശക്തിയുമുന്മേഷവും ആ മഹാപ്രഭുവിന്റെ അത്ഭുതകരമായ അനുഗ്രഹമാണെന്നതിനുള്ളതിനു തെളിവുകളും ഏറെയുണ്ട്. സമാധിക്ക് ശേഷം സ്ഥൂലശരീരം കൊണ്ടല്ലെന്നതൊഴിച്ചാല്‍ ആ മഹാത്മാവില്‍നിന്ന് അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്ന അമാനുഷിക സിദ്ധിവൈഭവം അല്പവും ലോപംകൂടാതെ അന്നത്തെപ്പോലെ തന്നെ ഇന്നും അനുഭവപ്പെടുന്നു. തളരുന്ന ജീവിത ഘട്ടങ്ങൡ താങ്ങിയുയര്‍ത്തുവാനും പ്രാബാബ്ധത്തിന്റെ വികൃതവൃത്തികളെ വിഘടിപ്പിയ്ക്കാനും കഴിയുന്ന ആ അപ്രമേയശക്തി ഇന്നും പ്രോജ്ജ്വലിതവും പ്രസന്നവുമാണ്. അറിവില്ലായ്മയെ ക്ഷമിയ്ക്കുവാനും അകര്‍മണ്യത്തെ നിരുത്സാഹപ്പെടുത്തുവാനും സ്വാമിജിയ്ക്കുണ്ടായിരുന്ന പ്രത്യേക ശ്രദ്ധ അന്നുമിന്നും ഒരേപോലെ കരുത്തേകുന്നു.

സ്വാമിജിയുടെ സമാധിക്കുശേഷം എനിക്കുണ്ടായ അനുഭവങ്ങള്‍ മേല്‍പറഞ്ഞ പ്രസ്താവത്തെ അരക്കിട്ടുറപ്പിക്കാന്‍ പോരുന്നവയാണ്. സ്വാമിജിയുടെ സ്ഥൂലശരീരം സജീവമായിരുന്ന സമയത്ത് ഞാന്‍ രണ്ടു കാര്യങ്ങളാവശ്യപ്പെട്ടിരുന്നു. ഒന്ന് ശബരിമലയില്‍ പോകുന്നത്. രണ്ടാത്തേത് ഹിമാലയത്തില്‍ പോകുന്നത്. രണ്ടുമൂന്നു നിമിഷം നിശ്ശബ്ദനായിരുന്നിട്ട് സ്വാമിജി ചോദിച്ചു. ”നീ ശബരിമലയില്‍ എത്ര തവണ പോയി ?” ”ഏഴു തവണ” ഞാന്‍ ഉത്തരം നല്‍കി. ശബരിമല ക്ഷേത്രം തീവച്ചു നശിപ്പിക്കപ്പെടുന്നതിനു മുന്‍പായിരുന്നു ഞാന്‍ പോയിരുന്നത്. എന്റെ ആഗ്രഹപ്രകടനം ഈ സംഭവത്തിനുശേഷമായിരുന്നു. ”ഇനി ഇവിടെയിരുന്ന് കണ്ടാല്‍ മതി. ഒരിയ്ക്കല്‍കണ്ടാ പിന്നെ മനസ്സിക്കാണാമല്ലോ.  കാണാത്തതും കാണാം, ഹിമാലയവുമൊക്കെ കാണാന്‍ കഴിയും”. ഭയം കൊണ്ടാണോ എന്നറിയില്ല ഗുരുനാഥന്റെ സമാധിക്കുശേഷം ആശ്രമത്തില്‍ മറ്റാരും തങ്ങുന്ന പതിവില്ലായിരുന്ന ആശ്രമത്തില്‍ ഞാനല്ലാതെ മറ്റാരും തങ്ങുന്ന പതിവില്ലായിരുന്നു. പലപ്പോഴും ആ ദിവസങ്ങളില്‍ സ്വാമിജിയെ ധ്യാനിച്ച് സമാധിക്ഷേത്രത്തിനു മുന്നില്‍ ശിരസ്സുചാരിയുറങ്ങുകയായിരുന്നു എന്റെ പതിവ്. മുറ്റം മുഴുവന്‍ തൂത്തു വൃത്തിയാക്കി, പൂജാപാത്രങ്ങളൊരുക്കി, മണ്ഡപം കഴുകിത്തുടച്ച്, ആശ്രമത്തിനകവും പുറവും വൃത്തിയാക്കി കുളികഴിഞ്ഞ് നിര്‍മാല്യവുമാരാധനയും നടത്തിയശേഷമാണ് നോട്ടെഴുതുക, സ്‌കൂളില്‍ പോവുക തുടങ്ങിയ ജോലികള്‍ ഞാന്‍ നിര്‍വഹിച്ചിരുന്നത്. പതിനാലു കൊല്ലം ഇങ്ങനെ കഴിയേണ്ടിവന്നു. ചുരുക്കം ചില ദിവസങ്ങളില്‍മാത്രമേ മറ്റുചിലരുടെ സഹായം ലഭിച്ചിരുന്നുള്ളു.

ഒരു ദിവസം സ്വാമിജി പറഞ്ഞ കാര്യങ്ങളോര്‍മിച്ചുകൊണ്ട് സമാധിക്ഷേത്രത്തിനരികിലിരുന്ന് ധ്യാനിക്കുകയായിരുന്നു ഞാന്‍ . പെട്ടെന്ന് ശബരിമലയിലേക്കുള്ള യാത്ര എന്റെ സ്മൃതിപഥത്തിലുയര്‍ന്നു. ഞാന്‍ പരിസരം മറന്നു. ശബരിമലയിലേക്കുള്ള അതീവഘോരമായ വനത്തിലൂടെ യാത്രചെയ്യുന്നതായി എനിക്കുതോന്നി. പമ്പയും കടന്ന് സന്നിധാനത്തിനടുത്തെത്തി. അതുവരെയുള്ള യാത്രയില്‍ ഭയാനകമായ ഒരനുഭവവും ഉണ്ടായില്ല. ശബരിമലക്ഷേത്രം കണ്ടുതുടങ്ങി. ആന പ്രവേശിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനുള്ള കിടങ്ങ്, മുനമ്പ് ക്ഷേത്രപരിസരത്തെയും വനത്തെയും വേര്‍തിരിച്ചിരുന്നു. ഞാന്‍ അവിടെയെത്തി. പിന്നെ കണ്ട കാഴ്ച അത്ഭുതാവഹമായിരുന്നു. കിടങ്ങ് കടന്നുപോകാനുള്ള വലിയ വാതിലോടുകൂടിയ ഒരു ഗോപുരം എന്റെ മുന്നില്‍ കണ്ടു. ആ ഗോപുരശൃംഗങ്ങള്‍ നിറയെ അതിഭീകരശരീരികളായ രക്ഷസന്മാരോ ഭൂതങ്ങളോ ആരാണെന്നെനിക്കറിയില്ല, ഉന്നത ശരീരവും തടിച്ചു പുഷ്ടിയാര്‍ജിച്ച പേശികളും നീണ്ടുവളഞ്ഞ ദംഷ്ട്രകളും കൂര്‍ത്തുനില്‍ക്കുന്ന തലമുടികളും കട്ടപിടിച്ച കീല്‍ (ടാര്‍) കൊണ്ട് വാര്‍ത്തെടുത്ത മട്ടില്‍ ചുവന്ന കണ്ണുകളോടും നീണ്ട നഖങ്ങളോടും കൂടി കാണപ്പെട്ടു. ഉരുക്കിയ കീല്‍ അഭിഷേകം നടത്തുന്ന മട്ടില്‍ അവര്‍ ഒഴുക്കിയിരുന്നു.

ഉരുകിത്തിളച്ചുകിടക്കുന്ന കീലില്‍ കളിച്ചുപുളച്ചും അട്ടഹസിച്ചും അവര്‍ മദിച്ചിരുന്നു. ഈ കീലിനുള്ളിലൂടെ കടന്നുപോകുന്നതെങ്ങനെ? അഥവാ വലിഞ്ഞുചാടിയാല്‍ ഈ ഭീകരന്മാര്‍ എന്തുതന്നെ ചെയ്യുകയില്ല? ഈ ചിന്തയോടെ ഞാന്‍ സ്വാമിജിയെ വിചാരിച്ച് അവിടെത്തന്നെ നിന്നു. കടന്നുപോകാനുള്ളഭയം നിശ്ശേഷം വിട്ടൊഴിഞ്ഞില്ല. എങ്കിലും ”തീര്‍ത്ഥക്കരപാപി” യാകുകയെന്നത് ചിന്തിയ്ക്കാന്‍ കഴിഞ്ഞില്ല. ഒരു കാര്യം തീരുമാനിച്ചുറച്ചു. ഒന്നുകില്‍ നടയിലെത്തും. ശ്രീഭൂതനാഥനറിയാതെ ഈ ഭൂതങ്ങള്‍ ഇവിടെ വരാനിടയില്ല. സ്വാമിജിക്കെന്നെ പരീക്ഷിക്കണമെന്നു തോന്നത്തക്ക ശക്തി എനിക്കില്ല. ആ മഹാപ്രഭുവിന്റെ പരീക്ഷണം താങ്ങുവാന്‍ ഞാനാരുമല്ല. ആനപ്പുറത്തെ കൊതുകിന്റെ ബലമേ എനിക്കുള്ളൂ. ഗംഗയാറിനരികിലെ പൊട്ടക്കുഴിപോലെ നിസ്സാരനായ എന്നില്‍ പരീക്ഷണമെന്നൊരു സങ്കല്പം തീരെയുണ്ടാവില്ല. ആശ്രയിക്കാന്‍ സ്വാമിജിയെയല്ലാതെ മറ്റാരെയും ഞാന്‍ മനസ്സില്‍ കണ്ടില്ല. സ്വാമിജി പല സന്ദര്‍ഭങ്ങളിലും പ്രദര്‍ശിപ്പിച്ച വിശ്വരൂപം ഞാനും കണ്ടിട്ടുണ്ട്. ഞാന്‍ ആ രൂപം തന്നെ മനസ്സില്‍ ധ്യാനിച്ച് കണ്ണടച്ചു. ഭഗവാനെ ധ്യാനിച്ചുറച്ചുകൊണ്ട് ഒഴുകുന്ന കീലിലൂടെ അയ്യപ്പന്റെ നടയിലേക്ക് വലിഞ്ഞോടി. കണ്ണുതുറന്നപ്പോള്‍ സ്വാമിജി മുന്നിലുണ്ട്. നട തുറന്നിരിക്കുന്നു. അയ്യപ്പന്റെ സ്വര്‍ണമയരൂപം നവജീവചൈതന്യത്തോടുകൂടി അടുത്തുവരുന്നതായി തോന്നി.
പെട്ടെന്നു കണ്ണുതുറന്നു. ഞാന്‍ ഉറങ്ങയിട്ടില്ലെന്ന ബോധം എനിക്കു നല്ലവണ്ണമുണ്ട്. കീലില്‍ കണ്ട രൂപങ്ങള്‍ പിന്നെ കണ്ടിട്ടേയില്ല. ഒരു പക്ഷേ ലങ്കയിലേക്ക് കടന്ന ഹനുമാന്‍ജിയെ പരീക്ഷിച്ചതുപോലെ സാധനയുടെ സാഗരം കടക്കുവാനുള്ള ശ്രമത്തില്‍ കരുതിക്കൂട്ടി കല്പിച്ച തടസ്സമായിരുന്നോ അതെന്നെനിയ്ക്കറിയില്ല. എന്തായാലും അത് കടന്നുപോകാന്‍ വിശ്വവ്യാപിയായ ഗുരുനാഥന്റെ കടാക്ഷമുണ്ടായി. പില്‍ക്കാലത്ത് പലപ്പോഴും പോയിക്കാണാന്‍ സാധിച്ച പുതുക്കിപ്പണിത ക്ഷേത്രമാണ് മേല്‍വിവരിച്ച അനുഭവത്തിലും ദര്‍ശിച്ചതെന്ന കാര്യംകൂടി പ്രസ്താവിക്കട്ടെ.

മേല്‍പറഞ്ഞതുപോലുള്ള മറ്റൊരുസംഭവം ചുരുക്കിപറയാം സ്വാമിജിയുടെ മഹാസമാധിക്കുശേഷം ഒരുദിവസം ഞാന്‍ സ്വര്‍ണമയവിഗ്രഹനായി സ്വാമിജിയെകണ്ടു. ”കൂടെ വന്നോളൂ” എന്ന് ആംഗ്യം കാണിച്ചിട്ട് സ്വാമിജി പവര്‍വതാകാരനായി വളര്‍ന്ന് എങ്ങോട്ടേയ്‌ക്കോ പൊങ്ങുന്നതായിതോന്നി. ഞാനും അദ്ദേഹത്തോടൊപ്പം തിരിച്ചു. എന്റെ കൈയിലൊരു കുടയുമുണ്ടായിരുന്നു. ഒരുവലിയ കുന്നിന്റെ മുകളിലെത്തി. അനേകം കിലോമീറ്റര്‍ താഴത്തേക്ക് എത്തിനോക്കിയാലുള്ള പ്രതീതി. താഴെ നിശ്ചലമായിക്കിടക്കുന്ന ഗഹനമായ ജലാശയം. സമുദ്രത്തേക്കാള്‍ വലിപ്പമുണ്ടെന്ന് തോന്നാമെങ്കിലും അല്പംപോലും തിരമാലയില്ല. നീലിമ അന്തരീക്ഷത്തില്‍ പ്രതിഫലിച്ചു. നിശ്ശബ്ദത ചുറ്റും വ്യാപിക്കുന്നതായി തോന്നി. ജലാശയം കിടക്കുന്ന കുന്നിന്റെ ഭാഗം മരങ്ങളോ ചെടികളോ ഇല്ലാതെ കീഴ്ക്കാംതൂക്കമായി കാണപ്പെട്ടു. മുകളിലെത്തിക്കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തിരിഞ്ഞുനോക്കി ”ഉം ചാടിയ്‌ക്കോ” എന്നു പറഞ്ഞിട്ട് ഗുരുനാഥന്‍ മറുകരയിലേക്ക് ചാടി. കൂടെ ചാടിയാല്‍ ഞാന്‍ മറുകരയിലേക്കെത്തുമോ, ചാടിയില്ലെങ്കില്‍ സ്വാമിജിയെ പിന്തുടരാനാകുമോ. ഒരു നൊടിയിട ഈ രണ്ടു ചിന്തകള്‍ ഉണ്ടായാതായെനിയ്‌ക്കൊര്‍മയുണ്ട്. ഞാന്‍ കണ്ണടച്ചു. കുട ദൂരെയെറിഞ്ഞു. സ്വാമിജിയുടെ പുറകേ ചാടി. മറുകരയെത്തിയപ്പോള്‍ക്കണ്ട കാഴ്ച അവര്‍ണനീയമാണ്.

പൂത്തുലഞ്ഞ പൂമരങ്ങളും പൂവല്ലികളും പുളകച്ചാര്‍ത്തണിയിക്കുന്ന പുല്‍മേടുകളും പുംസ്‌കോകിലങ്ങളും മണിമന്ദിരങ്ങളും അങ്ങിങ്ങായി തുള്ളിച്ചാടി ഓടുന്ന മാന്‍കൂട്ടങ്ങളും അതിമനോഹരമായ കൊച്ചരുവികളും പ്രണവധ്വനി മുഴക്കുന്ന സുന്ദരമായ ആശ്രമകവാടവുമെല്ലാമെല്ലാം ഒരു നിമിഷത്തേക്ക് എന്റെ സ്മൃതിയെയുണര്‍ത്തി. ചുവപ്പുനിറത്തിലുള്ള ഒരിനം കൊച്ചുകിളികള്‍ കോഴിക്കുഞ്ഞുങ്ങളെപ്പോലെ പാറക്കൂട്ടങ്ങളില്‍നിന്നും പറന്നുവീണു. സ്വര്‍ണമയമായ ഹംസമിഥുനങ്ങള്‍ ഒഴുകിനടക്കുന്ന മനോഹരമായ തടാകം ചുറ്റിനും മനോഹരമായ പുല്‍ത്തകിടി. ആടുന്ന മയിലുകള്‍. ഉന്നതങ്ങളില്‍ നിന്നുകൊണ്ട് ദീര്‍ഘവീക്ഷണം ചെയ്യുമ്പോള്‍ ഗംഗയാറൊഴുകുന്നപോലെ പുളഞ്ഞു പാഞ്ഞൊഴുകുന്ന ദൃശ്യങ്ങളും മലമുകളില്‍നിന്ന് അടര്‍ന്നുവീഴുന്ന തങ്കക്കതിരുകള്‍ പോലെ ശോഭായമാനമായിക്കാണുന്ന ജലബിന്ദുക്കളും. ചില ഭാഗങ്ങളില്‍ കനത്ത പ്രവാഹങ്ങള്‍ എന്നുവേണ്ട സ്വര്‍ഗത്തിലേക്കുള്ള സ്വര്‍ണകവാടങ്ങള്‍ തുറന്നിട്ടാലെന്നവണ്ണം കാണുന്ന കനകോജ്വലങ്ങളായ മണിമന്ദിരങ്ങളും അവിടവിടെയായി തലയുയര്‍ത്തി നില്‍ക്കുന്ന മഞ്ഞുമലകളും ഇന്നും സ്മൃതിപഥത്തില്‍ മായാതെ നില്‍ക്കുന്നു. ഇതായിരിക്കുമോ ഞാന്‍ കണ്ട ഹിമാലയം!

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം