ട്രഷറികളെ ആധുനികമാക്കും: മന്ത്രി കെ.എം. മാണി

July 19, 2013 കേരളം

ആലപ്പുഴ: സംസ്ഥാനത്തെ ട്രഷറികളെ ആധുനികമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നും നൂതസാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ ഇ-പേയ്മെന്റ് സൗകര്യമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ട്രഷറികളില്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു. മുതുകുളത്ത് സബ് ട്രഷറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന സേവനകേന്ദ്രമായി മാറിയിരിക്കുകയാണ് ട്രഷറികള്‍. സംസ്ഥാനത്ത് നാളിതുവരെ 32 ട്രഷറികളുടെ നവീകരണപ്രവര്‍ത്തങ്ങള്‍ നടന്നു കഴിഞ്ഞു. മുതുകുളത്ത് സ്ഥാപിച്ചത് 191-ാമത് ട്രഷറിയാണ്. ഇവിടെ സാധാരണ ബാങ്കിങ് സംവിധാനത്തോടെയുള്ള എ.റ്റി.എം. സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ മേഖലയിലും വികസനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഗ്രാമങ്ങളിലേക്ക് വികസനം എത്തേണ്ടത് ആവശ്യമാണ്. ഹൈടെക്ക് ഗ്രാമങ്ങളും ജൈവഗ്രാമങ്ങളും ഹരിതഗ്രാമങ്ങളുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുതുകുളത്തെ ജനങ്ങളുടെ ചിരകാലസ്വപ്മാണ് സാക്ഷാത്കരിച്ചതെന്ന് അധ്യക്ഷപ്രസംഗത്തില്‍ രമേശ് ചെന്നിത്തല എം.എല്‍.എ. പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത ജയന്‍, മുതുകളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷമ പണിക്കര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോണ്‍ തോമസ്, കെ.പി. ശ്രീകുമാര്‍, ട്രഷറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെ.സി. ലീല, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുജിത്, മുന്‍ എംല്‍.എ. മാരായ ബി.ബാബു പ്രസാദ്, റ്റി.കെ ദേവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം