റിലയന്‍സ്, 3ജി നിരക്കുകള്‍ 50 ശതമാനം വരെ കുറച്ചു

July 21, 2013 മറ്റുവാര്‍ത്തകള്‍

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസുകളില്‍ ഒന്നായ റിലയന്‍സ്, 3ജി നിരക്കുകള്‍ 50 ശതമാനം വരെ കുറച്ചു. ഡല്‍ഹിയും മുംബൈയും ഉള്‍പ്പടെ രാജ്യത്തെ 13 സര്‍ക്കിളുകളിലും നിരക്കുകള്‍ കുറച്ചതായി റിലയന്‍സ് (ആര്‍കോം) വ്യക്തമാക്കി. പഴയതും പുതിയതുമായി എല്ലാ പോസ്റ് പെയ്ഡ്/പ്രീ പെയ്ഡ് വരിക്കാര്‍ക്കും ഇളവുകള്‍ ബാധകമായിരിക്കും. 3ജി ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് 3ജി സേവനങ്ങള്‍ പ്രയോജപ്പെടുത്തുന്നത്. 2ജി, 3ജി നിരക്കുകള്‍ തമ്മിലുള്ള വന്‍അന്തരമാണ് ആളുകളെ 3ജിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. 3ജി നിരക്കുകള്‍ പകുതിയാക്കിയതോടെ 2ജി, 3ജി നിരക്കുകള് തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകില്ലന്ന് ആര്‍കോം വക്താവ് പറഞ്ഞു. ഇതോടെ കൂടുതല്‍ ആളുകള്‍ 3ജി സേവനം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് 2 ജിബി 3ജി ഡേറ്റക്ക് 246 രൂപാ മാത്രമാണ് റിലയന്‍സ് ഈടാക്കുന്നത്. 4ജിബിക്ക് 492 രൂപയും. 3ജി സേവനം നല്‍കുന്ന മറ്റ് മൊബൈല്‍ കമ്പനികളുടെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറവാണ് റിലയന്‍സ് ഈടാക്കുന്നത്. ഉപയോഗ നിരക്ക് കഴിഞ്ഞാല്‍ പത്ത് കെബിക്ക് മൂന്നു പൈസയായിരിക്കും ഈടാക്കുകയെന്നും റിലയന്‍സ് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍