സോളാര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

July 23, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

kerala-high-court51കൊച്ചി: സോളാര്‍ കേസ് സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ സര്‍ക്കാര്‍ എന്താണ് മറച്ചുവെയ്ക്കുന്നതെന്ന് കോടതി ചോദിച്ചു. ശാലു മേനോന്‍ നല്‍കിയ ജാമ്യാപേക്ഷയിലും എം.കെ കുരുവിള നല്‍കിയ പരാതിയിലുമായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍. എം.കെ കുരുവിള നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിച്ചോയെന്നും കോടതി ആരാഞ്ഞു. അന്വേഷിച്ചില്ലെങ്കില്‍ എന്തുകൊണ്ടാണ് ഇക്കാര്യം അന്വേഷിക്കാഞ്ഞതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ പോലും അവസരമുണ്ടാക്കാത്തത് സംശയകരമാണ്. പോലീസിന്റെ നടപടികള്‍ നാണക്കേടാണെന്നും വേണ്ടി വന്നാല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപിയെ നേരിട്ട് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ മടിക്കില്ലെന്നും കോടതി വ്യക്തമാക്കി.

സോളാറിലെ തട്ടിപ്പു പണം കണ്ടെത്താന്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ നിലവിലുണ്ടെന്നും എങ്ങനെയാണ് അന്വേഷണം ഏകോപിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. കോടതിയുടെ പ്രതിച്ഛായ മോശമാക്കാനുളള ശ്രമമാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ജസ്റീസ് എസ്.എസ് സതീശ്ചന്ദ്രനാണ് കേസുകള്‍ പരിഗണിച്ചത്. പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് പിന്നാലെ ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമുണ്ടായത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

മുഖ്യമന്ത്രിക്കെതിരേ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന കോടതിയുടെ ചോദ്യം ഏറെ ഗൌരവകരമാണ്. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനായിരിക്കും സര്‍ക്കാര്‍ കൂടുതല്‍ വിഷമിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവെന്നും പേഴ്സണല്‍ സ്റാഫെന്നും പറഞ്ഞ് പരിചയപ്പെട്ടവര്‍ സോളാര്‍ പ്ളാന്റിന്റെ പേരില്‍ തന്റെ കൈയില്‍ നിന്നും ഒരു കോടി മുപ്പത്തി അയ്യായിരം രൂപ തട്ടിയെടുത്തെന്നാണ് ബാംഗളൂരില്‍ വ്യവസായിയായ കോട്ടയം ഉഴവൂര്‍ സ്വദേശി എം.കെ കുരുവിളയുടെ പരാതി. മുഖ്യമന്ത്രിയുടെ കുഞ്ഞമ്മയുടെ മകന്‍ എന്ന പേരില്‍ പരിചയപ്പെട്ട ആന്‍ഡ്രൂസ്, പി.എസ് എന്ന പേരില്‍ പരിചയപ്പെട്ട ദില്‍ജിത് എന്നിവര്‍ പണം തട്ടിയെന്നാണ് കുരുവിള ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുരുവിള മുഖ്യമന്ത്രിക്കു പരാതി നല്‍കുകയും മുഖ്യമന്ത്രി ഇത് ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷം കഴിഞ്ഞ മാസം കുരുവിളയെ ഷെയര്‍മാര്‍ക്കറ്റിന്റെ പേരില്‍ നിരവധി പേരെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പേരാമംഗലം പോലീസ് അറസ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ തനിക്കെതിരേ കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് പിന്നീട് കുരുവിള ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം