കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വയ്ക്കില്ല: ഉമ്മന്‍ചാണ്ടി

July 24, 2013 കേരളം

cmmതിരുവനന്തപുരം: കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി തനിക്കെതിരെ പരാമര്‍ശം നടത്തിയിട്ടില്ല. സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും കോടതി ഒന്നും പറഞ്ഞിട്ടില്ല. കോടതി പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചു. മാധ്യമങ്ങളുടെ ആവശ്യം രാജിയെങ്കില്‍ അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായിയായ എംകെ കുരുവിളയുടെ പരാതിയില്‍ തെളിവുകളില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി  ഇക്കാര്യത്തില്‍ ഒന്നും മറച്ചു വെക്കാനില്ലെന്നും വ്യക്തമാക്കി. പരാതിയില്‍ പറയുന്ന ആന്‍ഡ്രൂസ് എന്ന ബന്ധു തനിക്കില്ല. പരാതി പര്‌ശോധിച്ച് നടപടിയെടുത്തപ്പോള്‍ കുരുവിളക്കെതിരെയാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിസി ജോര്‍ജ്ജ് തന്നെ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോര്‍ജ്ജ് തുടരുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും വ്യക്തമാക്കി.

തന്റെ അട്ടപ്പാടി പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍വ്യൂ ചെയ്ത മാധ്യമപ്രവര്‍ത്തകനോട് അട്ടപ്പാടിയിലെ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ താന്‍ നേരിട്ട് പോയി മനസ്സിലാക്കിയതാണ്. ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത് ആദിവാസികളുടെ സമഗ്രമായ ലക്ഷ്യമാണ്. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹോസറ്റലില്‍ നിന്ന് പഠിക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോഷകാഹാര പ്രശ്‌നം ഒരു ദിവസം കൊണ്ട് പരിഹരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട ഡോ. ബി ഇക്ബാലിന്റെ റിപ്പോര്‍ട്ടില്‍ അട്ടപ്പാടിയില്‍ ഗര്‍ഭിണികളായ സ്ത്രീകളടക്കം മദ്യപിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം