ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – 20

July 25, 2013 സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍

ആത്മാവില്‍ നാനാത്വം ദര്‍ശിക്കുവാന്‍ ഇടവന്ന സാഹചര്യം ഈ ഉദാഹരണത്തിലൂടെ ശ്രീശങ്കരന്‍ വ്യക്തമാക്കുന്നു.

സ്വതഃപൃഥക്ത്വേന മൃദോ
ഘടാനിവ (വിവേകചൂഡാമണി 190)

ഒരേ മണ്ണില്‍ നിന്നും ഉണ്ടായ (മണ്‍സ്വരൂപമായ) കുടം, കലം എന്നിവയെ വേര്‍തിരിച്ചു കാണുന്നതുപോലെ ആത്മാവ് ആത്മസ്വരൂപത്തെതന്നെ വേറിട്ടു കാണുന്നു.

ആത്മാവ് തന്റെ സ്വരൂപഗുണം കൊണ്ടുതന്നെ സര്‍വാത്മകനാണ്. അതുകൊണ്ട് അതില്‍നിന്നും ഭിന്നമായി ഈ പ്രപഞ്ചത്തില്‍ ഒന്നും ഇല്ല. എന്നാല്‍ മനസ്സ് ബുദ്ധി തുടങ്ങിയവ മിഥ്യാസ്വരൂപങ്ങളാണ്. ഈ മിഥ്യാസ്വരൂപങ്ങളായ മനസ്സ് ബുദ്ധി തുടങ്ങിയ അപ്രമേയമായ ബ്രഹ്മത്തില്‍ അല്പത്ത്വം ആരോപിക്കാന്‍ കാരണമാകുന്നു. മിഥ്യാസ്വരൂപമായ ബുദ്ധിയെ ആത്മതാദാത്മ്യ രീതിയില്‍ കാണുന്നതു കൊണ്ടാണ് ഈ കുഴപ്പം ഉണ്ടാകുന്നത്. ഈ അവസ്ഥയില്‍ അയഥാര്‍ത്ഥങ്ങളായ വസ്തുസ്വരൂപങ്ങളുമായോ ഭാവസ്വരൂപങ്ങളുമായോ ആത്മാവിന് ഒരു താദാത്മ്യാരോപം ഉണ്ടാകുന്നു. സര്‍വവ്യാപകമായ അതിനെ ഒരു പരിധിക്കുള്ളില്‍ നിറുത്തി വീക്ഷിക്കുന്നതാണ് ആ പ്രതിഭാസം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മാവിനെ ഒരുവന്‍ ഭോക്താവായും ഭോഗമായുമെല്ലാം കണക്കാക്കുന്നു. ഇതുവസ്തുതാപരമായി ശരിയല്ല. വേദാന്തദര്‍ശനത്തിന്റെ തത്ത്വസംഹിതയ്ക്കു തികച്ചും കടകവിരുദ്ധമാണു താനും. അതുകൊണ്ട് അയഥാര്‍ത്ഥമായ ഒരു പ്രതിഭാസം മാത്രമാണ് ഇതെന്ന് ധരിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുള്ള പരിശ്രമമാണ് പ്രകൃതദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ നിര്‍വ്വഹിക്കുന്നത്.

കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ കുടവും കലവുമെല്ലാം നാം കാണാറുണ്ട്. കുടത്തിനും കലത്തിനും തമ്മിലുള്ള വ്യത്യാസം തുല്യമല്ലാത്ത രൂപവും സംജ്ഞയുമാണ്. കുടം തുടങ്ങിയവ ഉണ്ടാക്കുന്നതിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കളിമണ്ണ്. ഈ കളിമണ്ണ് കലത്തിനും കുടത്തിനും തുല്യം തന്നെ. അതുകൊണ്ട് ആന്തരികമായി കുടത്തിനും കലത്തിനും തമ്മില്‍ വ്യത്യാസം ഇല്ല. എന്നാല്‍ രൂപത്തിനും നാമത്തിനും വ്യത്യാസം ഉണ്ടല്ലോ. ശരിയാണ്. ഈ വ്യത്യാസം കാണിക്കുന്നത് മനസ്സാണ്. ആത്മാവാകുന്ന സത്യത്തെ മറയ്ക്കുന്ന അഞ്ചുകോശങ്ങളില്‍പ്പെട്ടതാണ് മനസ്സ്. അതായത് സത്യത്തെ മറച്ച് അസത്യത്തെ സത്യമെന്നോണം കാണിച്ച് തരുന്നതാണ് മനസ്സ്. അതുകൊണ്ട് മനസ്സിന്റെ പ്രതിഫലനമായി കാണുന്ന വ്യത്യസ്തപദാര്‍ത്ഥങ്ങളുടെ ബോധം അസത്യം തന്നെ. ഈ പറഞ്ഞകാരണംകൊണ്ടു തന്നെയാണ് ഒരേ മണ്ണിന്റെ സൃഷ്ടിയായ കുടത്തെയും കലത്തെയും ഭിന്നരീതിയില്‍ കാണുന്നതും വ്യവഹരിക്കുന്നതും. ഇതേപോലെയാണ് ആത്മാവിന്റെ കാര്യവും. യഥാര്‍ത്ഥത്തില്‍ ആത്മഭിന്നമായി ഒന്നും ഇല്ല. എന്നാലും ആത്മഭിന്നമായിട്ടുള്ളത് എന്നരീതിയില്‍ ഞാന്‍, ഇവന്‍, നീ, അവന്‍, എന്റെത്, നിന്റെത്, അന്യന്റെത് എന്നിങ്ങനെ ഭേദബുദ്ധികാണുന്നു. ഭേദബുദ്ധിയുടെ പ്രതിഫലനത്തില്‍ ആത്മസത്യം മറയ്ക്കപ്പെട്ടുപോകുന്നതാണ് അതിന് കാരണം. ഇത് മണ്ണില്‍നിന്നും ഉണ്ടായ കുടം കലം എന്നിവ മണ്ണുതന്നെ എന്ന സത്യം മനസ്സിലാക്കാന്‍ കഴിയാത്തതുപോലെയാണ്. കുടം കലം തുടങ്ങിയവയിലെ ഉപാദാന വസ്തുവിനെ കാണാത്തവന്‍ അവയിലെ ഏകത്വത്തെ അറിയാത്തവനായിരിക്കുന്നു. കുടം, കലം, കലശം എന്നിവയില്‍ ഭേദമില്ലാത്ത അനുഗതമായിരിക്കുന്ന കളിമണ്ണ് സര്‍വത്തിലും ആത്മാവിന്റെ അനുഗതമായിരിക്കുന്ന സൂചകം ആണ്. ഒരേ മണ്ണിന്റെ വികാരമായ കുടം, കലം എന്നിവയിലെ ആരോപിതഭിന്നത്വം ഏകമായ ആത്മാവിലുള്ള കര്‍ത്താവ് ഭോക്താവ് ഭോഗം തുടങ്ങിയ ആരോപിത ഭേദങ്ങളുടെ പ്രതീകംതന്നെ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം