റാഡിയ ടേപ്പുകള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

December 2, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട നീരാ റാഡിയ ടേപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഹാര്‍ഡ്‌ ഡിസ്‌ക്‌ ആണ്‌ സീല്‍ ചെയ്‌ത കവറില്‍ ഹാജരാക്കിയത്‌. രാജ്യത്തെയും വിദേശത്തെയും പല പ്രമുഖ കമ്പനികളുടെയും പബ്ലിക്‌ റിലേഷന്‍സ്‌ കണ്‍സല്‍ട്ടന്റായ നീരാ റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെട്ട ടേപ്പ്‌ ഹാജരാക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ടേപ്പ്‌ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന പൊതുതാത്‌പര്യ ഹര്‍ജി പരിഗണിച്ചാണ്‌ കോടതി ബുധനാഴ്‌ച ഇങ്ങനെ ഉത്തരവിട്ടത്‌.
അതേസമയം, മുന്‍പ്‌ ടെലികോം സെക്രട്ടറി ആയിരുന്നതിനാലാണ്‌ 2ജി അഴിമതി കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന്‌ ഒഴിവായതെന്ന്‌ കേന്ദ്ര വിജിലന്‍സ്‌ കമ്മിഷണര്‍ പി. ജെ. തോമസ്‌ പറഞ്ഞു. 2ജി സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട്‌ 5000 സംഭാഷണങ്ങളാണ്‌ ആദായ നികുതി വകുപ്പില്‍നിന്ന്‌ സിബിഐയ്‌ക്കു ലഭിച്ചത്‌. 110 സംഭാഷണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. നീരാ റാഡിയ ടേപ്പുകള്‍ മാധ്യമങ്ങള്‍ക്കു ലഭിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ ടാറ്റാ ഗ്രൂപ്പ്‌ മേധാവി രത്തന്‍ ടാറ്റ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടാറ്റയുടെ ഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കും.
അതേസമയം, സ്‌പെക്‌ട്രം ലൈസന്‍സ്‌ അനുവദിച്ച സമയത്ത്‌ നിയമോപദേശം നേടിയതില്‍ എ.രാജ വീഴ്‌ച വരുത്തിയതായി സുപ്രീംകോടതി നിരീക്ഷിച്ചു. ലൈസന്‍സ്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിയമമന്ത്രാലത്തിനെതിരെ രാജ പ്രധാനമന്ത്രിക്കു കത്തയച്ചതു ശരിയായില്ലെന്നും കോടതി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം