ഭരണഭാഷാ പുരാസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

July 25, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും, സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ക്ലാസ്-3 വിഭാഗത്തില്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പരിഗണിച്ച് സംസ്ഥാനതലത്തില്‍ നല്‍കുന്ന ഭരണഭാഷാ സേവന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം സമ്മാനമായി 10,000 രൂപയും സത്‌സേവന രേഖയും രണ്ടാം സമ്മാനമായി 5,000 രൂപയും സത്‌സേവന രേഖയും നല്‍കും. നിബന്ധനകള്‍ : തൊട്ടു മുമ്പിലത്തെ കലണ്ടര്‍ വര്‍ഷം ഔദ്യോഗികരംഗത്ത് ചെയ്ത ജോലികളാണ് പരിഗണിക്കുന്നത്. കുറിപ്പെഴുത്ത്, കരടെഴുത്ത്, രജിസ്റ്ററിലെ എഴുത്ത്, പട്ടികകള്‍ തയ്യാറാക്കല്‍ തുടങ്ങി മലയാളത്തില്‍ ചെയ്യുന്ന എല്ലാവിധ ജോലികളും ഇതിനായി കണക്കിലെടുക്കും. അവാര്‍ഡ് നിശ്ചയിക്കുന്നതിനുള്ള 100 മാര്‍ക്കില്‍ 70 മാര്‍ക്ക് മലയാളത്തില്‍ ചെയ്ത ജോലിയുടെ അളവിനും 30 മാര്‍ക്ക് ആശയാവിഷ്‌കാരത്തിലെ വ്യക്തതയ്ക്കുമാണ്. ആശയാവിഷ്‌കാരത്തിലെ വ്യക്തത പരിശോധിക്കാന്‍ അപേക്ഷകരുമായി പുരസ്‌കാര നിര്‍ണയ സമിതി അഭിമുഖം നടത്തും. മത്സരത്തില്‍ പങ്കെടുക്കുന്ന ക്ലാസ്-3 വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചിത ഫാറത്തിലുള്ള അപേക്ഷ, ഓഫീസ് തലവന്റെ പരിശോധനാക്കുറിപ്പും, വകുപ്പു തലവന്റെയോ ജില്ലാ കളക്ടറുടെയോ ശിപാര്‍ശയും സഹിതം അയയ്ക്കണം. ഒരു പുരസ്‌കാരം ലഭിച്ചയാളെ മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ അതേ വിഭാഗത്തില്‍ പരിഗണിക്കുകയുള്ളു. ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം (സംസ്ഥാനതലം) : ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്ന സ്വതന്ത്ര കൃതികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഒന്നാം സമ്മാനമായി 10,000 രൂപയും സത്‌സേവന രേഖയും, രണ്ടാം സമ്മാനമായി 5,000 രൂപയും സത്‌സേവന രേഖയും നല്‍കും. വകുപ്പുകളും സ്ഥാപനങ്ങളും എന്നതില്‍ സെക്രട്ടറിയേറ്റിലെ ഭരണ വകുപ്പുകള്‍ സംസ്ഥാനത്തെ നിര്‍വഹണ വകുപ്പുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും. നിബന്ധനകള്‍ : സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന എല്ലാ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെയും ഈ പുരസ്‌കാരത്തിന് പരിഗണിക്കും. ഒരു വര്‍ഷം സമര്‍പ്പിക്കുന്ന കൃതികള്‍ തൊട്ടു മുമ്പിലത്തെ രണ്ടു കലണ്ടര്‍ വര്‍ഷത്തിനുള്ളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം. നിശ്ചിത ഫാറത്തിലുള്ള അപേക്ഷ പുസ്തകത്തിന്റെ രണ്ട് കോപ്പി സഹിതം ഓഫീസ് തലവന്റെയും വകുപ്പു തലവന്റെയും ശിപാര്‍ശയോടു കൂടി അയക്കണം. ഒരു തവണ സമര്‍പ്പിച്ച കൃതികള്‍ വീണ്ടും പരിഗണിക്കുന്നതല്ല. ഒരു പുരസ്‌കാരം ലഭിച്ചയാളെ മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ അതേ വിഭാഗത്തില്‍ പുരസ്‌കാരത്തിന് പരിഗണിക്കുകയുള്ളൂ. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം : സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, സെക്രട്ടറിയേറ്റ് അനക്‌സ്, തിരുവനന്തപുരം-1. നിശ്ചിത ഫാറത്തിലുള്ള അപേക്ഷകള്‍ സെപ്തംബര്‍ 30 നകം ലഭിക്കണം. എല്ലാ വര്‍ഷവും ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. പുരസ്‌കാരങ്ങള്‍ ലഭിച്ച വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുന്നതാണ്. ഭരണഭാഷാ സേവനപുരസ്‌കാരം (ജില്ലാതലം) : മലയാളം ഔദ്യോഗിക ഭാഷയാക്കിയിട്ടുള്ള വകുപ്പുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ക്ലാസ്-3 വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതലത്തില്‍ നല്‍കുന്ന പുരസ്‌കാരമാണിത്. സമ്മാനം- 5,000 (അയ്യായിരം) രൂപയും സത്‌സേവന രേഖയും. നിബന്ധനകള്‍ : സമ്മാനം നല്‍കുന്നതിന് തൊട്ടു മുമ്പിലത്തെ കലണ്ടര്‍ വര്‍ഷം ഔദ്യോഗിക രംഗത്ത് മലയാളത്തില്‍ ചെയ്ത ജോലികളാണ് പരിഗണിക്കുന്നത്. കുറിപ്പെഴുത്ത്, കരടെഴുത്ത്, രജിസ്റ്ററിലെ എഴുത്ത്, പട്ടികകള്‍ തയ്യാറാക്കല്‍ തുടങ്ങി മലയാളത്തില്‍ ചെയ്യുന്ന എല്ലാവിധ ജോലികളും ഇതിന് പരിഗണിക്കും. അവാര്‍ഡ് നിശ്ചയിക്കുന്നതിനുള്ള 100 മാര്‍ക്കില്‍ 70 മാര്‍ക്ക് മലയാളത്തില്‍ ചെയ്ത ജോലിയുടെ അളവിനും 30 മാര്‍ക്ക് ആശയാവിഷ്‌കാരത്തിലെ വ്യക്തതയ്ക്കും ആണ്. ക്ലാസ്-3 വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചിത ഫാറത്തിലുള്ള അപേക്ഷ ഓഫീസ് തലവന്റെ പരിശോധനക്കുറിപ്പും ജില്ലാ ഓഫീസറലുടെ ശിപാര്‍ശയും സഹിതം ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. ജില്ലാ കളക്ടര്‍, ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍) ജില്ലാ കളക്ടര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു മലയാള ഭാഷാ പണ്ഡിതന്‍ എന്നിവരടങ്ങുന്ന സമിതി അപേക്ഷകള്‍ പരിശോധിച്ച് പുരസ്‌കാരത്തിന് അര്‍ഹനായ ഉദ്യോഗസ്ഥനെ തെരഞ്ഞെടുത്ത് ആ വിവരം ഒക്ടോബര്‍ 15 നകം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതും ഔദ്യോഗിക ഭാഷാ വകുപ്പിനെ അറിയിക്കേണ്ടതുമാണ്. ഒരു പുരസ്‌കാരം ലഭിച്ചയാളെ മൂന്നുവര്‍ഷത്തിനുശേഷം മാത്രമേ അതേ വിഭാഗത്തില്‍ പുരസ്‌കാരത്തിനു പരിഗണിക്കുകയുള്ളൂ. നിശ്ചിത ഫാറത്തിലുള്ള അപേക്ഷകള്‍ സെപ്തംബര്‍ 30 നകം അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് ലഭ്യമാക്കണം. ഭരണഭാഷാ സേവന പുരസ്‌കാരം- (ടൈപ്പിസ്റ്റ്-സ്റ്റെനോഗ്രാഫര്‍) : കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ടൈപ്പിസ്റ്റുമാരെയും സ്റ്റെനോഗ്രാഫര്‍മാരെയും പരിഗണിച്ച് സംസ്ഥാനതലത്തില്‍ നല്‍കുന്ന പുരസ്‌കാരമാണിത്. സമ്മാനം 5,000 രൂപയും സത്‌സേവന രേഖയും. നിബന്ധനകള്‍ : തൊട്ടുമുമ്പിലത്തെ കലണ്ടര്‍ വര്‍ഷം ഔദ്യോഗിക രംഗത്ത് ചെയ്ത ജോലികളാണ് പരിഗണിക്കുന്നത്. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ടൈപ്പിസ്റ്റുമാര്‍, സ്റ്റെനോഗ്രാഫര്‍മാര്‍ എന്നിവരില്‍ കൂടുതല്‍ പേജുകള്‍ വൃത്തിയായും തെറ്റില്ലാതെയും ഭംഗിയായും മലയാളം ഡി.ടി.പി. എടുക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്ന ഒരാളെ ഈ പുരസ്‌കാരത്തിന് പരിഗണിക്കും. അവാര്‍ഡ് നിശ്ചയിക്കുന്നതിനുള്ള 100 മാര്‍ക്കില്‍ 70 മാര്‍ക്ക് മലയാളത്തില്‍ ചെയ്ത ജോലിയുടെ അളവിനും 30 മാര്‍ക്ക് തെറ്റില്ലാതെയും ഭംഗിയായും ഡി.ടി.പി./ടൈപ്പ് ചെയ്യുന്നതിലുള്ള മികവിനുമാണ്. ഡി.ടി.പി./ടൈപ്പ് ചെയ്യുന്നതിലുള്ള മികവ് പുരസ്‌കാര നിര്‍ണയ സമിതി പരിശോധിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ക്ലാസ്-3 വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചിത ഫാറത്തിലുള്ള അപേക്ഷ ഓഫീസ് തലവന്റെ പരിശോധനക്കുറിപ്പും വകുപ്പു തലവന്റെയോ ജില്ലാ കളക്ടറുടെയോ ശിപാര്‍ശയും സഹിതമാണ് അയയ്‌ക്കേണ്ടത്. ഒരു പുരസ്‌കാരം ലഭിച്ചയാളെ മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ അതേ വിഭാഗത്തില്‍ പരിഗണിക്കുകയുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം