മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്നാട്

July 25, 2013 പ്രധാന വാര്‍ത്തകള്‍

Mullapperiyar-Damന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്നും തമിഴ്നാട് അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം തങ്ങളുടേതാണെന്ന വാദം തമിഴ്നാട് ആവര്‍ത്തിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന അന്തിരവാദത്തിനിടയിലാണ് തമിഴ്നാട് നിലപാട് അറിയിച്ചത്. അന്തിമവാദം തുടങ്ങി മൂന്നാമത്തെ ദിവസമായപ്പോള്‍തന്നെ സുപ്രീം കോടതി മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് പുതിയ നിലപാടുമായി തമിഴ്നാട് രംഗത്തെത്തിയത്. ഡാമിന്റെ തര്‍ക്കത്തിലുള്ള അന്തിമവാദമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടക്കുന്നത്. അതേസമയം വാദത്തില്‍ കേരളത്തിന് അനുകൂലമായ ചില നിരീക്ഷണങ്ങള്‍ കോടതി നടത്തിയത് സംസ്ഥാനത്തിന് ആശ്വാസമാണ്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുകയും, എന്നാല്‍ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് കേരള സര്‍ക്കാര്‍ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു. ഇതോടെയാണ് ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. 1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാര്‍ത്ഥത്തില്‍ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ന്നു വന്നത്.

സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു പണിത ഈ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ തടയാന്‍ കഴിയില്ലെന്നും അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണെന്നും കേരളം വാദിച്ചു.

1886ലാണ് മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവെയ്ക്കുന്നത്. തിരുവിതാംകൂര്‍ മരാമത്ത് സെക്രട്ടറി കെ.കെ.വി. രാമ അയ്യങ്കാരും മദിരാശി സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണ് കരാറില്‍ ഒപ്പു വെച്ചത്. വെള്ളത്തിന് മാത്രമാണ് തമിഴ്‌നാടിന് അവകാശമെന്നും സ്ഥലത്തിന് അവകാശമില്ലെന്നും കരാറില്‍ വ്യക്തമാക്കിയിരുന്നു. വെള്ളം എടുക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തമിഴ്‌നാടിന് അവകാശമുണ്ടെന്നും കരാര്‍ വ്യക്തമാക്കിയിരുന്നു.

നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലവും നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവുമാണ് പാട്ടമായി നല്‍കിയിരിക്കുന്നത്. 999 വര്‍ഷത്തേക്കാണ് കരാര്‍. മദ്രാസ് സര്‍ക്കാര്‍ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വീണ്ടും 999 വര്‍ഷത്തേക്ക് കരാര്‍ നല്‍കേണ്ടിവരും. ഇന്ത്യ സ്വതന്ത്രമായശേഷം കരാര്‍ പുതുക്കാന്‍ തമിഴ്‌നാട് പലതവണ ശ്രമിച്ചെങ്കിലും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ മാത്രമാണ് ആ ശ്രമങ്ങളെല്ലാം മാറി.

1970ല്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കരാര്‍ പുതുക്കുന്നത്. 1886ലെ പാട്ടക്കരാറിലെ നിബന്ധനങ്ങളെല്ലാം തന്നെ നിലനിര്‍ത്തിയാണ് പുതിയ കരാറും ഒപ്പുവെച്ചത്. വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടി കരാറില്‍ ഉള്‍പ്പെടുത്തി. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പവര്‍ഹൗസില്‍ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാന്‍ പുതിയ കരാര്‍ തമിഴ്‌നാടിന് അനുമതി നല്‍കി.

ഇന്ത്യ സ്വതന്ത്രമായതോടെ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള കരാറുകളെല്ലാം റദ്ദായെങ്കിലും 1970ല്‍ ഒപ്പുവെച്ച കരാര്‍ തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ഡാമില്‍ പൂര്‍ണ്ണ നിയന്ത്രണം അനുവദിച്ച് നല്‍കി. തമിഴ്‌നാട് സര്‍ക്കാര്‍ ഡാമില്‍ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരിധി ഉയര്‍ത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ജനങ്ങളുടെ സുരക്ഷ പറഞ്ഞ് കേരളം അതിനെ എതിര്‍ക്കുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍