വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – അധാര്‍മ്മിക ദാനം ആപത്ത്

July 26, 2013 സനാതനം

13. അധാര്‍മ്മിക ദാനം ആപത്ത്
ഡോ. അദിതി
യമുനാ നദിയുടെ കരയില്‍ ഒരുക്കിയ ഒരു അഗ്നികുണ്ഡത്തില്‍ ‘ഭീഷ്മവധായ’ – ഭീഷ്മന്റെ ഹനനത്തിനുവേണ്ടി, എന്നു ജപിച്ചുകൊണ്ട് അംബ ആളിക്കത്തുന്ന തീയില്‍ ചാടി ആത്മഹത്യ ചെയ്തു. ദ്രുപദന്റെ മകളായി അവള്‍ വീണ്ടും ജനിച്ചു. അവര്‍ക്കൊരു പുത്രനുണ്ടാവും എന്നായിരുന്നു മഹാദേവന്റെ അനുഗ്രഹം കൊണ്ടുണ്ടായ വരം. അതിനാല്‍ പെണ്‍കുട്ടി ഉണ്ടായ വിവരം രഹസ്യമായി വച്ച് ഒരാണ്‍കുട്ടി എന്ന നിലയില്‍ വളര്‍ത്തി. അവളായിരുന്നു ശിഖണ്ഡി. ഹിരണ്യവര്‍മ്മന്‍ എന്ന രാജാവിന്റെ മകളുമായി അവള്‍ക്കു കല്യാണവും നടത്തിച്ചു. തന്റെ ഭര്‍ത്താവ് പുരുഷനല്ലെന്നു തിരിച്ചറിഞ്ഞ കന്യക വിവരം ഹിരണ്യവര്‍മ്മനെ അറിയിച്ചു.

ഹിരണ്യവര്‍മ്മന്‍ ദ്രുപദനു നേരേ പടനയിച്ചു. തന്റെ കുടുംബത്തിനും നാട്ടുകാര്‍ക്കും താന്‍ മൂലം വന്നുചേര്‍ന്ന ദുഃഖത്തില്‍ മനംനൊന്ത ശിഖണ്ഡി ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചിറങ്ങി പുറപ്പെട്ടു. ദീര്‍ഘദൂരം ചെയ്ത് അവള്‍ സ്ഥൂണാകര്‍ണന്‍ എന്ന യക്ഷന്‍ വസിക്കുന്ന സ്ഥലത്തെത്തി. ഇവളെ കണ്ട യക്ഷന് അവളോട് ദയവുതോന്നി. സ്ഥൂണാകര്‍ണ്ണന്‍ ചോദിച്ചു. ‘നീ എന്ത് അന്വേഷിച്ചാണ് ഇങ്ങോട്ടു പറപ്പെട്ടത്? എന്നോടുപറയൂ. ഞാന്‍ നിന്നെ സഹായിക്കാം.’ കന്യക യക്ഷനോട് പറഞ്ഞു ‘അല്ലയോ ഗുഹ്യകാ – ഞാനാഗ്രഹിക്കുന്നതു തരാന്‍ അങ്ങേക്കു കഴിയില്ല.’ യക്ഷന്‍ അവളോടു പറഞ്ഞു ‘അതില്‍ നീ വ്യാകുലപ്പെടേണ്ടാ. ആവശ്യപ്പെട്ടുകൊള്‍ക. ഞാന്‍ തീര്‍ച്ചയായും തരാം. തരാന്‍ പറ്റാത്തതാണ് ആവശ്യപ്പെടുന്നതെങ്കിലും തരാം. നിന്റെ ആഗ്രഹം എന്നോട് പഞ്ഞാല്‍ മതി’. യക്ഷന്റെ വാഗ്ദാനം കേട്ട അവള്‍ തന്റെ കദനകഥ അയാളെ ധരിപ്പിച്ചു. ‘എന്റെ അച്ഛനൊരു മകനില്ലാത്തതിനാല്‍ അദ്ദേഹവും രാജ്യവും ഇതാ നശിക്കാന്‍ പോകുന്നു. എനിക്കൊരു ഉത്തമപുരുഷനായി മാറണം. അങ്ങയുടെ പുരുഷത്വം എനിക്കു പ്രദാനം ചെയ്യണം. എന്റെ അച്ഛനും രാജ്യവും രക്ഷപ്പെടട്ടെ. വാഗ്ദാനത്തിലുറച്ചു നിന്ന യക്ഷന്‍ മറുപടി പറഞ്ഞു. – ‘അല്ലയോ സ്ത്രീരത്‌നമേ, ഞാന്‍ നിന്റെ അഭിലാഷം സാധിച്ചുതരാം. എന്നാലിതിനൊരു വ്യവസ്ഥ ഉണ്ട്. നിന്റെ സ്ത്രീത്വം ഞാന്‍ സ്വീകരിച്ച് എന്റെ പുരുഷത്വം നിനക്കുതരാം. അച്ഛനെയും രാജ്യത്തെയും രക്ഷിച്ചശേഷം നീ ആ പുരുഷത്വം എനിക്കു മടക്കിതരണം.’ ശിഖണ്ഡി അതു സമ്മതിച്ചു. പുരുഷനായി മാറിക്കഴിഞ്ഞ അവള്‍ തന്റെ കൊട്ടാരത്തിലെത്തി. ആക്രമണത്തില്‍ നിന്നും സര്‍വ്വരെയും രക്ഷിച്ചു.

ഇതിനിടയില്‍ ഒരു സംഭവമുണ്ടായി. യക്ഷന്‍മാരുടെ രാജാവായ കുബേരന്‍ സ്ഥൂണാകര്‍ണ്ണന്റെ വീട്ടിലെത്തി. എന്നാല്‍ സ്ത്രീയായി മാറിക്കഴിഞ്ഞിരുന്ന യക്ഷന്‍ പുറത്തുവന്ന് കുബേരനെക്കണ്ട് അദ്ദേഹത്തെ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ആതിഥ്യ മര്യാദ കാണിക്കാത്തതുകൊണ്ട് സ്ഥൂണാകര്‍ണ്ണനെ ശിക്ഷിക്കാന്‍ കുബേരന്‍ തീരുമാനിച്ചു. എന്നാല്‍ സ്ഥൂണാകര്‍ണ്ണന്റെ തോഴന്‍മാര്‍ തന്നെ, അദ്ദേഹം വെളിയിലിറങ്ങിവരാത്തതിന്റെ കാര്യം കുബേരനെ ബോധ്യപ്പെടുത്തി. കോപാക്രാന്തനായ കുബേരന്‍ സ്ഥൂണാകര്‍ണ്ണനെ വിളിച്ചുവരുത്തി. സ്ത്രീയായിമാറിയിരുന്ന അയാള്‍ കുബേരന്റെ മുന്നില്‍ നാണം കുണുങ്ങി നിന്നു. കുബേരനവളെ ശപിച്ചു. പുരുഷത്വം ദാനം ചെയ്ത നീ യക്ഷകുലത്തിന് അപമാനം വരുത്തിയിരിക്കുന്നു. അതുകൊണ്ടു നീ നിത്യവും സ്ത്രീയായിത്തന്നെ ഇരിക്കുക. ശിഖണ്ഡി പുരുഷനായും ഇരിക്കട്ടെ.

ശാപമോചനം ചോദിച്ച സ്ഥൂണാകര്‍ണ്ണന് കുബേരന്‍ അതുകൊടുത്തില്ല. ശിഖണ്ഡി മരിച്ചശേഷം നീ ഇനി പുരുഷനായാല്‍ മതി എന്നുപറഞ്ഞ് കുബേരന്‍ അവിടെ നിന്നും പോയി. ദുഃഖിതയായ ഒരു പെണ്‍കുട്ടിയെ അവസരത്തിനൊത്തുയര്‍ന്ന് സഹായിച്ചത് ഒരു കുറ്റമാണോ? സ്ഥരം സ്ത്രീത്വം അടിച്ചേല്‍പ്പിക്കപ്പെടാന്‍ അയാള്‍ കുബേരനോട് എന്ത് തെറ്റുചെയ്തു? ശിഖണ്ഡിയോട് സ്ഥൂണകര്‍ണ്ണന് ദയവുതോന്നി എന്നുള്ളതു ശരി. അവളുടെ അന്നത്തെ സ്ഥിതി മനസ്സാക്ഷി ഉള്ള ഒരുവന് സഹിക്കാവുന്നതായിരുന്നില്ല. നിരാശ്രയയായ ഒരു പെണ്‍കുട്ടിയെ സാന്ത്വനപ്പെടുത്തി സഹായിക്കുന്നത് തെറ്റാണോ? തെറ്റല്ലതന്നെ. അതുകൊണ്ട് സ്ഥൂര്‍ണാകര്‍ണ്ണന്റെ പുരുഷത്വദാനം പ്രശംസനീയമാണ്. മടക്കിത്തരാനുള്ള വ്യവസ്ഥയിലല്ലേ പുരുഷത്വം കൊടുത്തത്? ഒരു ദുഃഖിതയെ സഹായിക്കാനുള്ള ഒരു താത്കാലികവ്യവസ്ഥയെ ശാപം ഭുജിക്കാന്‍ യോഗ്യമായ കുറ്റമായി കരുതാമോ? അതുകൊണ്ട് ഈ ശാപം അന്യായമായി വിധിക്കാം. ആതിഥ്യമര്യാദ ഇല്ലാതായപ്പോള്‍ കുബേരനു ദേഷ്യം വന്നതു മനസ്സിലാക്കണം. എന്നാലതിലുള്ള കാരണം സ്ഥൂണാകര്‍ണ്ണന്റെ തോഴന്‍മാര്‍ കുബേരനെ അറിയിച്ചല്ലോ. ശോകാകുലയായ ഒരു തരുണിക്കുവേണ്ടിയുള്ള ധീരമായ ത്യാഗമായിരുന്നു സ്ഥൂണാകര്‍ണ്ണന്റേത്. സ്ഥൂണാകര്‍ണ്ണന്‍ സഹതാപവും അഭിനന്ദനവുമാണ് അര്‍ഹിക്കുന്നത്. അല്ലാതെ ഒരു ശാപമല്ല. അതുകൊണ്ട് ഈ ശാപം അന്യായമാണ്.

മേല്‍പറഞ്ഞ വാദഗതികള്‍ യുക്തമാകുന്നത് സ്ഥൂണാകര്‍ണ്ണന്റെ പക്ഷത്തുനിന്നു നോക്കുമ്പോഴാണ്. യക്ഷരാജാവായ കുബേരന്റെ സ്ഥാനത്തുനിന്നുകൂടി സ്ഥൂണാകര്‍ണ്ണന്റെ പ്രവൃത്തി നോക്കിക്കാണേണ്ടിയിരിക്കുന്നു. യക്ഷന്‍മാര്‍ ദിവ്യന്‍മാരാണ്. അത്തരത്തില്‍ പെട്ട ഒരുവന്‍ അന്യനോട് പെരുമാറുന്നത് അയാളുടെ സ്ഥാനമാനങ്ങള്‍ക്ക് യോജിച്ച നിലയിലാകണം. സങ്കടപ്പെട്ടുകൊണ്ടൊരാള്‍ മറ്റൊരാളോട് ഒരുകാര്യം ആവശ്യപ്പെട്ടാല്‍ പുനര്‍വിചിന്തനം കൂടാതെ അതനുവദിച്ചു കൊടുക്കണമെന്നില്ല. സമൂഹത്തില്‍ സ്ഥാനമുള്ള ഒരു വ്യക്തി തന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കപ്പുറത്ത് തന്നെ സമൂഹം നോക്കിക്കാണുന്നതു എങ്ങനെയെന്ന് മറക്കരുത്. ഒരു വ്യക്തിയെന്ന നിലയിലുപരി ഒരുവന് ഒരു സാമൂഹിക പ്രതിബദ്ധത ഉണ്ടാകും. സ്വന്തമായി ഇഷ്ടപ്പെടുന്ന ഒരു കാര്യം തന്റെ സമുദായ മര്യാദയ്ക്ക് യോജിച്ചതല്ലെങ്കില്‍ ചെയ്യരുത്. ഇവിടെ സ്ഥൂണാകര്‍ണ്ണന്റെ പ്രവൃത്തി ഒരു പെണ്‍കുട്ടിയുടെ കണ്ണീരൊപ്പാന്‍ ഉതകി. അയാള്‍ വാഗ്ദാനം പാലിച്ചു, എന്നതിനപ്പുറം യക്ഷസമൂഹത്തെ അപമാനിച്ചതുകൂടിയായി. ഒരു യക്ഷപുരുഷന്‍ നപുംസകമാകുന്നത് ആ സമൂഹത്തെ മുറിവേല്‍പ്പിക്കുമെന്നതില്‍ സംശയമില്ല. യക്ഷന്‍മാരുടെ രാജാവെന്ന നിലയില്‍ കുബേരന് ആ സമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ട്. സ്ഥൂണാകര്‍ണ്ണനുള്ള കുബേരന്റെ ശാപം ആ ഉത്തരവാദിത്വം നിറവേറ്റലായിരുന്നു. ആ നിലയില്‍ സ്ഥൂണാകര്‍ണ്ണന്‍ സ്ത്രീയായി നിലനില്‍ക്കുവാനുള്ള കുബേരന്റെ ശാപം ന്യായീകരിക്കാം. സ്ഥൂണാകര്‍ണ്ണനെ വേണമെങ്കില്‍ മഹാദാനം കൊടുത്തവരുടെ കൂട്ടത്തില്‍ മുന്‍ നിരയില്‍ നിര്‍ത്താം. എന്നാല്‍ കുലമര്യാദലംഘിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെടുകതന്നെ വേണം. ദാനം ധര്‍മ്മമാണ്. എന്നാല്‍ ദാതാവിനെ അധര്‍മ്മിയാക്കുന്ന ദാനം ധര്‍മ്മമല്ല. ഇവിടെ യക്ഷസമുദായത്തിന്റെ വികാരം കണക്കിലെടുക്കുമ്പോള്‍ സ്ഥൂണാകര്‍ണ്ണന്‍ അധര്‍മ്മിയായിപ്പോയി. എങ്കിലും അദ്ദേഹത്തിന്റെ മഹാമനസ്‌കത വ്യാസന്റെ ദൃഷ്ടിയില്‍ പെടാതെ പോയില്ല. ശിഖണ്ഡി മരിച്ചിട്ടാണെങ്കില്‍പ്പോലും ആ പുരുഷത്വം തിരിച്ചുകൊടുക്കുന്നു. ദാനം ചെയ്തത് അതിന്റെ ഉപഭോക്താവ് അയാളുടെ അന്ത്യം വരെ അനുഭവിക്കണമെന്നുള്ളതു ധാര്‍മ്മികനീതി. ആ നീതിസംരക്ഷണം കൂടിയാണ് സ്ഥൂണാകര്‍ണ്ണനു കുബേരന്‍ കൊടുത്ത ശാപം. അല്‍പ്പകാലത്തേക്കെങ്കിലും സ്ഥൂണാകര്‍ണ്ണന്‍ ദുഃഖിക്കേണ്ടി വന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം