സമ്പത്ത് കസ്റഡി മരണം: ഐപിഎസുകാരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

July 26, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

പാലക്കാട്: പൂത്തൂര്‍ ഷീലാവധക്കേസിലെ മുഖ്യപ്രതിയായിരുന്ന സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. പ്രതിപ്പട്ടികയില്‍ ഉള്ളവരോട് ഹാജരാകാന്‍ സിബിഐ നിര്‍ദേശിച്ചു. എഡിജിപി മുഹമ്മദ് യാസിന്‍, ഡിഐജി വിജയ് സാക്കറെ എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍. മുഹമ്മദ് യാസിനെയും വിജയ്സാഖറെയും പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി സിബിഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മടക്കിയിരുന്നു. കേസിലെ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഈ ഐപിഎസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പിന്നീടാണ് ഇവരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യപ്രതിപ്പട്ടിയിലുണ്ടായിരന്ന ഐപിഎസ് ഉദ്യോഗസ്ഥരടക്കം 17 പ്രതികളുടെ പങ്കിനെ പറ്റി തുടരന്വേഷണം നടത്തി വിശ്വസനീയമായ കുറ്റപത്രം സമര്‍പ്പിക്കാനും സിജെഎം ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടക്കുന്നത്. കസ്റഡി മരണക്കേസ് അന്വേഷിച്ചിരുന്ന സിബിഐ ഡിവൈഎസ്പിയായിരുന്ന ഹരിദത്ത് അന്വേഷണം തുടരുന്നതിനിടെ ജീവനൊടുക്കിയ സംഭവം വിവാദമായിരുന്നു. ഐപിഎസ് ഉദ്യോസ്ഥരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സിബിഐയുടെ ഉന്നതതലത്തില്‍ നിന്ന് സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്നാണ് ഹരിദത്ത് ജീവനൊടുക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ എറണാകുളം സിജെഎം കോടതി ഉത്തരവിട്ടത്. ഉന്നത ഉദ്യോഗസ്ഥരായ പ്രതികളെ ഒഴിവാക്കിയ സിബിഐ നടപടിയെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ട സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍, അഡ്വ. ജോ പോള്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്വേഷണത്തില്‍ സിബിഐക്കു വീഴ്ച പറ്റിയതായി കോടതി വ്യക്തമാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം